ലക്ഷ്യമിട്ട സംരംഭം: തൈക്കാട്ടുശ്ശേരി നേടി; ഇനി കഞ്ഞിക്കുഴി
text_fieldsആലപ്പുഴ: 1561 സംരംഭങ്ങളായിരുന്നു തൈക്കാട്ടുശ്ശേരി ബ്ലോക്കിന്റെ ലക്ഷ്യം. തുടങ്ങിയതാകട്ടെ 1609 എണ്ണം. കുടുംബശ്രീ തൈക്കാട്ടുശ്ശേരി ബ്ലോക്കിൽ നടപ്പാക്കിയ സൂക്ഷ്മ സംരംഭങ്ങളിലെ മികവ് വെറുതെയായില്ല.ഇതോടെ ജില്ലയിൽ ഒരു ബ്ലോക്കിൽ കൂടി സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ പണം അനുവദിച്ചു. കഞ്ഞിക്കുഴി ബ്ലോക്കിലെ സംരംഭകർക്കാണിത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന ഗ്രാമീണ സംരംഭകത്വ വികസന പദ്ധതിയിലാണ് (സ്റ്റാർട്ടപ് വില്ലേജ് എന്റർപ്രണർഷിപ് പ്രോഗ്രാം -എസ്.വി.ഇ.പി) കഞ്ഞിക്കുഴിയിൽ സൂക്ഷ്മസംരംഭം തുടങ്ങുന്നത്. കടക്കരപ്പള്ളി, തണ്ണീർമുക്കം, മാരാരിക്കുളം വടക്ക്, കഞ്ഞിക്കുഴി, ചേർത്തല തെക്ക് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. 5.80 കോടിയാണ് അനുവദിച്ചതെന്നും 1200 സംരംഭങ്ങളാണ് ലക്ഷ്യമെന്നും കുടുംബശ്രീ ജില്ല അധികൃതർ പറഞ്ഞു. കുടുംബത്തിൽ ആർക്കും സംരംഭം തുടങ്ങാം. ഒരാൾ കുടുംബശ്രീ അംഗമാകണം.
മൃഗസംരക്ഷണ -കാർഷിക മേഖലയൊഴിച്ചുള്ള സംരംഭങ്ങൾക്കാണ് വായ്പ അനുവദിക്കുക. സൂപ്പർമാർക്കറ്റ്, തയ്യൽ യൂനിറ്റ്, ബ്യൂട്ടി പാർലർ, പലചരക്കുകടകൾ, തുണിക്കടകൾ, ട്യൂഷൻ സെന്റർ, ഭക്ഷണശാല, ഓയിൽ മിൽ, കയാക്കിങ് സെന്റർ തുടങ്ങി തൈക്കാട്ടുശ്ശേരി മാതൃകയിലുള്ള സംരംഭങ്ങൾ ആരംഭിക്കാം. ബ്ലോക്ക് റിസോഴ്സ് സെന്ററിലൂടെയാണ് (ബി.ആർ.സി) പദ്ധതി നടപ്പാക്കുന്നത്. എല്ലാ സി.ഡി.എസ് ചെയർപേഴ്സൻമാരും സൂക്ഷ്മ സംരംഭ കൺവീനർമാരും ചേർന്ന് കമ്മിറ്റി രൂപവത്കരിക്കും. മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരും ഉണ്ടാകും. ഈ കമ്മിറ്റികളാണ് പദ്ധതി പാസാക്കുക. മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കുന്നതിലൂടെ ബിരുദധാരികളായ 25 പേർക്ക് ജോലി ലഭിക്കും.
മൂന്നുവർഷത്തേക്കുള്ള പദ്ധതിയിൽ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാറുമാണ് വഹിക്കുന്നത്. നാലുശതമാനം പലിശക്കാണ് വായ്പ നൽകുന്നത്. 24 മാസത്തെ തിരിച്ചടവ്. മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരാണ് അയൽക്കൂട്ട തലത്തിലേക്കിറങ്ങിച്ചെന്ന് സംരംഭകർക്ക് വേണ്ട നിർദേശങ്ങളും പിന്തുണയും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

