അധ്യയന വർഷാരംഭം: വാഹനങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കും
text_fieldsആലപ്പുഴ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പാക്കും. അധ്യയനവർഷാരംഭ പ്രവർത്തനങ്ങൾ വിലയിരുത്താൻ കലക്ടേററ്റിൽ ചേർന്ന മുന്നൊരുക്ക യോഗത്തിലാണ് തീരുമാനം. ടിപ്പർ ലോറികളുടെ സമയവും ക്രമീകരിക്കും. സ്കൂൾ പരിസരത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഉറപ്പാക്കണം.
വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടി സ്വീകരിക്കണം. സ്കൂൾ പരിസരത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.സ്കൂളുകൾക്ക് മുന്നിലെ സീബ്രലൈൻ കൃത്യമായി മാർക്ക് ചെയ്യണം. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്കൂളുകളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കലക്ടർ ഹരിത വി.കുമാർ നിർദേശിച്ചു.
ഓടയുടെ സ്ലാബുകൾ കൃത്യമായി മൂടണമെന്നും സ്കൂളുകളിൽ ശുദ്ധജലവും കുടിവെള്ളവും ഉറപ്പുവരുത്തണമെന്നും ബന്ധപ്പെട്ട വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.യോഗത്തിൽ കലക്ടർ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി.എബ്രഹാം, ആർ.ടി.ഒ, എൽ.എസ്.ജി.ഡി, ജല അതോറിറ്റി, ആരോഗ്യം, നാഷനൽ ഹൈവേ അതോറിറ്റി, ശുചിത്വ മിഷൻ, പി.ഡബ്ല്യു.ഡി, ഫയർഫോഴ്സ്, കെ.എസ്.ആർ.ടി.സി, എക്സൈസ് തുടങ്ങിയവ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.