ജീവനക്കാർ കുറവ്; ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കിതക്കുന്നു
text_fieldsആലപ്പുഴ: ജീവനക്കാരുടെ കുറവ് മെഡിക്കൽ കോളജ് ആശുപത്രിയെ വലക്കുന്നു. ആശുപത്രിയിൽ നിലവിലുള്ളത് ആവശ്യമുള്ളതിന്റെ നാലിലൊന്ന് നഴ്സിങ് ജീവനക്കാർ മാത്രമാണ്. 1300 ജീവനക്കാർ വേണ്ടിടത്ത് 358 പേർ. രോഗികളുടെ എണ്ണം വർധിക്കുന്നതിന് ആനുപാതികമായി തസ്തികകൾ സൃഷ്ടിച്ചില്ലെങ്കിൽ രോഗികൾക്കൊപ്പം ജീവനക്കാരും വലയും.
1051 കിടക്കകളാണ് ആശുപത്രിയിൽ അനുവദിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടിയതോടെ നിലവിൽ ഉപയോഗിക്കുന്നത് 1572 കിടക്കകൾ. രോഗികളുടെ എണ്ണത്തിലെ വർധന, സർക്കാറുകളെ അറിയിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നും സ്റ്റാഫ് പാറ്റേൺ പുതുക്കിയിട്ട് 60 വർഷത്തിലേറെയായെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
1572 കിടക്കകളിൽ 212 എണ്ണം ഐ.സി.യുവിലാണ്. സാധാരണ വിഭാഗത്തിൽ 462 എണ്ണവും ഓക്സിജൻ പിന്തുണ ആവശ്യമായ വിഭാഗത്തിൽ 898 എണ്ണവുമുണ്ട്. ചികിത്സ വിഭാഗം മാറുന്നതിനനുസരിച്ച് നഴ്സിങ് ജീവനക്കാരുടെ എണ്ണത്തിലും വ്യത്യാസം വരും.
ജനറൽ വാർഡിൽ ആറ് രോഗിക്ക് ഒരു നഴ്സ് എന്നതാണ് അനുപാതമെങ്കിൽ, മേജർ ഓപറേഷൻ തിയറ്ററിൽ ഒരു രോഗിക്ക് രണ്ട് നഴ്സിങ് ജീവനക്കാർ വേണം. ഐ.സി.യുവിൽ ഒരു രോഗിക്ക് ഒരു നഴ്സ് എന്നതാണ് അനുപാതം. നിലവിൽ ഐ.സി.യുവിൽ 212 രോഗികളുണ്ട്. ഇവർക്കെല്ലാം ഒരു നഴ്സിനെ വീതം നൽകിയാൽ 18 വാർഡുകളുള്ള ആശുപത്രിയിൽ ഓടിയെത്താൻപോലും നഴ്സിങ് ജീവനക്കാരെ കിട്ടില്ല.
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന് ഇനിയും കാത്തിരിക്കണം
സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് ഇപ്പോഴും അടഞ്ഞുതന്നെയാണ്. 2013ലാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കേന്ദ്ര സർക്കാർ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് അനുവദിച്ചത്. 2017ൽ നിർമാണം തുടങ്ങി. കോവിഡ് സമയത്ത് നിർമാണ പ്രവർത്തനം ഇഴഞ്ഞു. ഒടുവിൽ കെട്ടിടനിർമാണം പൂർത്തിയാക്കി മെഷീനുകളും മറ്റും എത്തിച്ചപ്പോൾ സർക്കാർ അനുമതിക്ക് സാങ്കേതിക തടസ്സം.
ഇനിയും സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നത് നീണ്ടാൽ എത്തിച്ച ഉപകരണങ്ങളെല്ലാം നശിക്കും. യൂറോളജി, ന്യൂറോ സർജറി, കാർഡിയോളജി, മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി, പ്ലാസ്റ്റിക് സർജറി ആൻഡ് ജനിറ്റോ യൂറിനറി സർജറി, എൻഡോക്രൈനോളജി, കാർഡിയോ തൊറാസിക് സർജറി, ന്യൂറോളജി തുടങ്ങിയവയാണ് ഇവിടെ വരുന്ന ചികിത്സാവിഭാഗങ്ങൾ. 200 കിടക്കയും എട്ട് ഓപറേഷൻ തിയറ്ററുമുണ്ടാകും. ഇതിനു പുറമെയാണ്, തീവ്രപരിചരണ വിഭാഗങ്ങൾക്കായുള്ള 50 കിടക്കകൾ. 170 കോടി രൂപയിൽ 150 കോടി കേന്ദ്ര സർക്കാറും 30 കോടി സംസ്ഥാന സർക്കാറുമാണ് വഹിച്ചത്.
2014ൽ ശിലാസ്ഥാപനം നടത്തിയ ട്രോമാകെയർ യൂനിറ്റിനും ഗതി ഇതുതന്നെ. കെട്ടിടനിർമാണം പാതിവഴിയിലാണ്. വാഹനാപകട കേസുകൾ കൂടിയ സാഹചര്യത്തിൽ, 30 കോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട പദ്ധതി എന്നു തുടങ്ങാനാകുമെന്ന് സർക്കാറിനുപോലും നിശ്ചയമില്ല. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് ഇപ്പോഴും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

