ഹൗസ്ബോട്ടിൽനിന്ന് വീണ് സ്പാ ജീവനക്കാരിയുടെ മരണം; അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsആലപ്പുഴ: ഹൗസ്ബോട്ടിൽനിന്ന് കായലിൽ വീണ് സ്പാ ജീവനക്കാരി മരിച്ചത് വെള്ളത്തിൽ മുങ്ങിത്താഴ്ന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. തമിഴ്നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ (37) ആണ് മരിച്ചത്. പരിശോധനയിൽ ശരീരത്തിൽ മുറിവുകളും മറ്റ് ചതവുകളും ഇല്ലെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 11.50നായിരുന്നു സംഭവം. മരണമറിഞ്ഞ് യുവതിയുടെ ബന്ധുക്കൾ ആലപ്പുഴയിൽ എത്തിയിരുന്നു. ഇതിനുശേഷമാണ് പോസ്റ്റുമോർട്ടം നടത്തിയത്. ബന്ധുക്കൾ ഡോക്ടറുമായി സംസാരിച്ച് മരണകാരണം മനസ്സിലാക്കിയതിനാൽ ഇവർ പരാതി നൽകിയില്ല.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അതേസമയം, യുവതിയെ ഹൗസ്ബോട്ടിലെത്തിച്ച തമിഴ്നാടുസ്വദേശികളായ അഞ്ചു യുവാക്കളും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ വെള്ളിയാഴ്ച വിട്ടയക്കും. മരണത്തിൽ അസ്വാഭാവികതയില്ല.
തമിഴ്നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പമാണ് ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ്ബോട്ട് യാത്രക്ക് എത്തിയത്. യുവതികൾ പുന്നമടയിലെ സ്പായിലെ ജീവനക്കാരികളാണ്. രാത്രിയിൽ കരയിലേക്ക് ഇറങ്ങാൻ ഇവർ സഞ്ചരിച്ച ഹൗസ്ബോട്ടിൽനിന്ന് മറ്റൊന്നിലേക്ക് പോകുന്നതിനിടെയാണ് യുവതി കായലിലേക്ക് വീണത്. ശക്തമായ അടിയൊഴുക്കായതിനാൽ തെരച്ചിൽ നടത്താനായില്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിറ്റേന്ന് ഉച്ചയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

