ആലപ്പുഴ: അനെര്‍ട്ട് നടപ്പാക്കുന്ന 'സൗരതേജസ്സ്' സബ്സിഡിയോടുകൂടി വീടുകളില്‍ ഗ്രിഡ് ബന്ധിത സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന് ആലപ്പുഴ മണ്ഡലത്തിലെ വിവിധ സ്ഥാപനങ്ങളില്‍ നടക്കും.
21, 22 തീയതികളില്‍ പഞ്ചായത്ത് ഓഫിസുകളിലും 23, 24 നഗരസഭയിലും രജിസ്ട്രേഷന് നടക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് രണ്ട് മുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള ശൃംഖലബന്ധിത സൗരനിലയം സ്ഥാപിക്കാനാണ് സബ്സിഡി. രണ്ട്, മൂന്ന് കിലോവാട്ട് സൗരനിലയങ്ങള്‍ക്ക് അടിസ്ഥാന വിലയുടെ 40 ശതമാനവും നാലു മുതല്‍ 10 കിലോവാട്ട് വരെയുള്ള നിലയങ്ങള്‍ക്ക് ആദ്യത്തെ മൂന്ന് കിലോവാട്ടിന് 40 ശതമാനവും ശേഷിച്ചതിന് 20 ശതമാനവുമാണ് സബ്സിഡി. ആകെ തുകയുടെ സബ്സിഡി കിഴിച്ചുള്ള തുക മാത്രം ഉപഭോക്താവ് നല്കിയാല് മതി. കെ.എസ്.ഇ.ബി കണ്‍സ്യൂമര്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ഫോണ്‍, ഇ-മെയില്‍ കൂടാതെ 1225 രൂപ രജിസ്ട്രേഷന് ഫീസ് എന്നിവയുമായി നേരിട്ട് വരുന്നവര്‍ക്ക് രജിസ്ട്രേഷൻ നടത്താനും ഇഷ്ടമുള്ള ഡെവലപ്പറെ നേരിട്ട് തെരഞ്ഞെടുക്കാനും സാധിക്കും.
പ്രമുഖ ബാങ്കുകളുടെ വായ്പസൗകര്യവും ഉണ്ട്. മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, ആര്യാട്, മണ്ണഞ്ചേരി പഞ്ചായത്തുകളിലും ആലപ്പുഴ ഇന്ദിര ജങ്ഷന് സമീപത്തെ കുടുബശ്രീ കേന്ദ്രത്തിലുമായാണ് സ്പോട്ട് രജിസ്ട്രേഷന്.