'സോളാർ ക്രൂയിസർ ബോട്ട്' മാർച്ചിൽ നീറ്റിലിറക്കും
text_fieldsജലഗതാഗതവകുപ്പിന്റെ സോളാർ ക്രൂയിസർ ബോട്ടിന്റെ രൂപരേഖ
ആലപ്പുഴ: ഇന്ത്യയിലെ ആദ്യ സോളാർ ക്രൂയിസർ ബോട്ട് മാർച്ചിൽ ജലഗതാഗതവകുപ്പ് നീറ്റിലിറക്കും. ബോട്ടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. വൈദ്യുതിയിലും സോളാറിലും ഒരുപോലെ പ്രവർത്തിക്കുന്ന ഇരുനിലബോട്ടിൽ നൂറുസീറ്റാണുള്ളത്. 24 മീറ്റർ നീളവും ഏഴുമീറ്റർ വീതിയുമുണ്ട്.
ബോട്ടിന്റെ ഇൻറീരിയൽ ജോലികളാണ് നടക്കുന്നത്. അരൂരിൽ നിർമാണം പുരോഗമിക്കുന്ന ബോട്ടിന് മൂന്നുകോടിയോളം രൂപയാണ് ചെലവ്. ഒരുപ്രാവശ്യം ചാർജ് ചെയ്താൽ മൂന്നുമണിക്കൂർ വരെ യാത്രചെയ്യാം. ദീർഘദൂരയാത്ര ലക്ഷ്യമിട്ട് ഇറക്കുന്ന പുതിയബോട്ട് എറണാകുളത്തുനിന്നാണ് സർവിസ് നടത്തുക. വൈക്കം-തവണക്കടവ് റൂട്ടിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ബോട്ടായ 'ആദിത്യ' സൃഷ്ടിച്ച ചരിത്രനേട്ടത്തിൽനിന്നാണ് പുതിയപതിപ്പിന്റെ പിറവി. ആദിത്യയുടെ മാതൃകയിൽ ചെറിയമാറ്റങ്ങളോടെ പുതിയ നാല് ബോട്ടുകളും ജലഗതാഗതവകുപ്പ് മൂന്നുമാസത്തിനകം സർവിസ് നടത്തും. പുതിയബോട്ടുകൾക്ക് 80 കിലോവാട്ടാണ് കരുതൽ ഊർജം. ആയതിനാൽ രാത്രിയിലും ഓടിക്കാനാകും. 75 പേർക്ക് യാത്ര ചെയ്യാം. ജങ്കാർപോലെ യാത്രക്കാർക്കൊപ്പം വാഹനങ്ങളും വഹിക്കുന്ന രാജ്യത്തെ ആദ്യ വൈദ്യുതി-സൗരോർജ റോ-റോ (റോൾ ഓൺ റോൾ ഓഫ്) സർവിസും സോളാർ സ്റ്റേഷനും ആരംഭിക്കാൻ പദ്ധതിയുണ്ട്.
സഞ്ചാരികളെ ലക്ഷ്യമിട്ടിറക്കിയ അതിവേഗ എ.സി ബോട്ട് 'വേഗ -2' വിജയമായിരുന്നു. കുറഞ്ഞ ചെലവിൽ ആറുമണിക്കൂർ കായൽസൗന്ദര്യം ആസ്വദിക്കാമെന്നതാണ് വേഗയുടെ പ്രത്യേകത. രാവിലെ 11ന് ആലപ്പുഴയിൽനിന്ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ. ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി. ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം തുടങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. 40 സീറ്റുള്ള എ.സിക്ക് 600 രൂപയും 80സീറ്റുള്ള അല്ലാത്തവക്ക് 400 രൂപയുമാണ് നിരക്ക്. 100 രൂപക്ക് കുടുംബശ്രീയുടെ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

