സി.പി.എമ്മിനോട് മൃദുസമീപനമെന്ന്; മാന്നാർ ബ്ലോക്ക് കോൺഗ്രസിൽ കൂട്ട രാജി
text_fieldsചെങ്ങന്നൂർ: സി.പി.എമ്മിനോടുള്ള മൃദുസമീപനത്തിൽ പ്രതിഷേധിച്ച് മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിൽ കൂട്ട രാജി. സെക്രട്ടറിമാരായ മാന്നാർ ഗ്രാമപഞ്ചായത്തംഗം സുജിത്ത് ശ്രീരംഗം, മുൻ മെംബർ എം.പി കല്യാണ കൃഷ്ണൻ, അനിൽ മാന്തറ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറ് വൽസലാ ബാലകൃഷ്ണൻ എന്നിവരാണ് പാർട്ടിയിലെ ഭാരവാഹിത്വങ്ങൾ ഒഴിഞ്ഞത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൻെറ മൂല്യങ്ങൾക്ക് നിരക്കാത്ത രീതിയിൽ പ്രാദേശിക തലങ്ങളിൽ സി.പി.എമ്മിനെ സഹായിക്കുകയും, മാന്നാർ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കുതിരക്കച്ചവടത്തിലൂടെ ഭരണം അട്ടിമറിച്ച സി.പി.എമ്മിനോട് മൃദുസമീപനം പുലർത്തിയതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് ഇവർ പറയുന്നു.
ചെന്നിത്തല പഞ്ചായത്തിൽ ഉപാധികൾ ഇല്ലാതെ സി.പി.എമ്മിന് ഭരണം ലഭിക്കുന്നതിന് സഹായകരമായ നിലപാടാണ് എടുത്തത്. കോൺഗ്രസിൻെറ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണം നിലനിർത്തണം എന്നാഗ്രഹിച്ച ജനാധിപത്യ വിശ്വാസികളുടെ പ്രതിഷേധത്തെ മാനിച്ചാണ് രാജി വെക്കുന്നതെന്നും കോൺഗ്രസ് പാർട്ടിക്കൊപ്പം നിലകൊള്ളുമെന്നും ഡി.സി.സി പ്രസിഡൻറ് എം. ലിജുവിന് നൽകിയ രാജിക്കത്തിൽ പറയുന്നു. മാന്നാർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഹരികുട്ടമ്പേരുരും രാജി സന്നദ്ധതയറിച്ചിട്ടുണ്ട്.