സൗഹാർദത്തിന്റെ സംഗമവേദിയായി പള്ളിമുറ്റത്ത് എസ്.എൻ.ഡി.പി ശാഖയുടെ ഇഫ്താർ
text_fieldsവടുതല സെൻട്രൽ മസ്ജിദ് അങ്കണത്തിൽ എസ്.എൻ.ഡി.പി 5296 നമ്പർ ശാഖ ഒരുക്കിയ ഇഫ്താർ സംഗമം
വടുതല: പരസ്പര സ്നേഹവും സാഹോദര്യവും പകർന്ന് പള്ളി മുറ്റത്ത് എസ്.എൻ.ഡി.പി ശാഖയുടെ ഇഫ്താർ വിരുന്ന്. എസ്.എൻ.ഡി.പി 5296 നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ വടുതല സെൻട്രൽ മസ്ജിദ് അങ്കണത്തിൽ നടത്തിയ ഇഫ്താറാണ് സൗഹാർദത്തിന്റെ സംഗമവേദിയായത്.
പള്ളിയിൽ എത്തിയ മുഴുവനാളുകൾക്കും വിഭവസമൃദ്ധമായ ഭക്ഷണവും അവർ സ്നേഹത്തോടെ വിളമ്പിയത് സൗഹാർദം ഊട്ടിയുറപ്പിക്കുന്നതായി. കൊടുവേനലിൽ നോമ്പിലൂടെ വിശ്വാസികൾ അനുഭവിക്കുന്ന ത്യാഗം ചോദിച്ചറിയാനും അവർ സമയം കണ്ടു.
ശാഖ സെക്രട്ടറി സുരേഷ് നാങ്ങനാട്ട്, ഭാരവാഹികളായ രതീഷ് പനയന്തി, കെ.പി. നടരാജൻ, അഭിലാഷ്, വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത് പ്രസിഡന്റ് പി.എ. ഷംസുദ്ദീൻ, സെക്രട്ടറി എം. കബീർ, ട്രഷറർ എസ്.കെ. റഹ്മത്തുല്ല, സെൻട്രൽ ജുമാ മസ്ജിദ് ഖത്തീബ് ശാഹുൽ ഹമീദ് ഇർഫാനി, മുഹമ്മദൻസ് ക്ലബ് പ്രസിഡന്റ് നസീർ ചാണിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

