എസ്.എന്‍ കവല അടയുമോ? ആശങ്കയിൽ കുട്ടനാട്ടുകാർ
text_fieldsദേശീയപാതയുടെ നിര്‍മാണം നടക്കുന്ന എസ്.എന്‍ കവല
അമ്പലപ്പുഴ: മഹാപ്രളയത്തില്‍ മരണം മുഖാമുഖം കണ്ട കുട്ടനാടന്‍ ജനതയെ ജീവിതത്തിലേക്കെത്തിക്കാന്‍ സഹായിച്ച കവാടം അടയുമോ എന്ന് ആശങ്ക. എ.സി റോഡ്, തകഴി- തിരുവല്ല റോഡ് എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംങ്ഷനാണ് വളഞ്ഞവഴി എസ്.എന്‍ കവല. 2018ല്‍ കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മരണത്തോട് മല്ലടിച്ച ജനതയെ കരക്കെത്തിക്കാനുള്ള പ്രധാന മാര്‍ഗമായിരുന്നു വളഞ്ഞവഴി എസ്.എന്‍ കവല- ചമ്പക്കുളം പാത.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ എ.സി റോഡിലൂടെയുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ലാതിരുന്നപ്പോഴും മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് എളുപ്പം കുട്ടനാടിന്റെ വിവിധ മേഖലയില്‍ എത്തിപ്പെടാനായത് എസ്.എന്‍ കവല- ചമ്പക്കുളം റോഡിലൂടെയാണ്. ദേശീയപാത വികസനത്തിന്റെ പേരില്‍ വന്മതില് ഉയരുന്നതോടെ കുട്ടനാട്ടുകാരുടെ പ്രധാന കവാടമാണ് അടയുന്നത്.
ദേശിയപാത പൂര്‍ണമാകുന്നതോടെ കിഴക്കന്‍ പ്രദേശവാസികള്‍ക്ക് കാക്കാഴത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അടിപ്പാതയെ വേണം ആശ്രയിക്കാന്‍. തിരക്കേറിയതും പ്രധാനപ്പെട്ടതുമായ എസ്.എന്‍ കവലയില്‍ അടിപ്പാത ഒഴിവാക്കിയത് കുട്ടനാടന്‍ ജനത നേരിടേണ്ടിവരുന്ന കടുത്ത വെല്ലുവിളിയായിരിക്കും. എ.സി റോഡ്, തകഴി- തിരുവല്ല റോഡ് എന്നിവയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ചമ്പക്കുളം റോഡില്‍ എസ്.എന്‍ കവലയില്‍ ഓവർ ബ്രിഡ്ജോ അടിപ്പാതയോ വേണമെന്ന് ആവശ്യപ്പെട്ട് വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ക്കും ദേശീയപാത വിഭാഗം അധികൃതര്‍ക്കും നിവേദനം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു.
കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസും സർവിസ് നടത്തുന്ന റോഡ് കൂടിയാണിത്. ദേശീയപാതയില്‍ തിരക്കധികമില്ലാത്ത വിവിധ ജങ്ഷനുകളില്‍ അടിപ്പാതകള്‍ നിര്‍മിക്കുമ്പോഴും കച്ചേരിമുക്ക് പോലുള്ള പ്രധാനയിടമായ എസ്.എന്‍ കവലയെ ഒഴിവാക്കിയത് കർഷകരോടും കുട്ടനാടൻ ജനതയോടുമുള്ള അവഗണനയാണെന്ന് ഇവിടത്തുകാർ പറയുന്നു.
എസ്.എന്‍ കവലയിൽ ഓവർ ബ്രിഡ്ജോ അടിപ്പാതയോ നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി റിലേ സത്യഗ്രഹം നടത്തിവരികയാണ്. വിവിധ സാമുദായിക സാംസ്കാരിക സംഘടനകൾ, രാഷ്ട്രീയ കക്ഷികൾ, കർഷക സംഘടനകൾ, ജനപ്രതിനിധികൾ തുടങ്ങിയവരെ ഏകോപിച്ചാണ് സത്യഗ്രഹം നടത്തിവരുന്നത്. എങ്കിലും ഇതൊന്നും കണ്ടില്ലെന്ന മട്ടില്‍ ദേശീയപാതയുടെ നിര്‍മാണം തകൃതിയില്‍ നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

