കോഴി ഫാമുകൾക്ക് കുരുക്കിട്ട് തമിഴ്നാട് ലോബി
text_fieldsആലപ്പുഴ: വിപണിയിൽ തമിഴ്നാട് ലോബിയുടെ ഇടപെടൽ ശക്തമായതോടെ സംസ്ഥാനത്തെ ചെറുകിട ഫാമുകൾ ഇറച്ചിക്കോഴി ഉൽപാദനം നിർത്തുന്നു. ഉൽപാദന ചെലവിന് ആനുപാതികമായ വില ഇറച്ചിക്കോഴിക്ക് ലഭിക്കാത്തതാണ് ഫാം ഉടകളുടെ പിന്മാറ്റത്തിനു പിന്നിൽ.
ആഭ്യന്തര ഉൽപാദനം കുറഞ്ഞതോടെ കോഴിവില കുത്തനെ ഉയർന്നു. ഒരു കിലോ കോഴിക്ക് മാർച്ചിൽ 85 രൂപയായിരുന്നത് ഇപ്പോൾ 125 രൂപ വരെയായി.
ആയിരത്തിലധികം ഫാമുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ പകുതി ഫാമുകളേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. സ്വയംതൊഴിൽ പദ്ധതി പ്രകാരം തുടങ്ങിയ ഫാമുകൾ പലതും പ്രതിസന്ധിയിലാണ്.
സംസ്ഥാനത്ത് ആവശ്യമായ ഇറച്ചിക്കോഴിയുടെ 80 ശതമാനവും ഇവിടെത്തന്നെയാണ് ഉൽപാദിപ്പിക്കുന്നത് എന്നതിനാൽ തമിഴ്നാട്ടിൽനിന്നുള്ള ഇറച്ചിക്കോഴിക്ക് പഴയ ഡിമാൻഡില്ല. എന്നാൽ, കുഞ്ഞുങ്ങളുടെ ഉൽപാദനം കൂടുതലും തമിഴ്നാട്ടിലാണ്. കുഞ്ഞിന്റെയും തീറ്റയുടെയും വില തമിഴ്നാട് ലോബിയാണ് നിയന്ത്രിക്കുന്നത്.
ഒരു ദിവസമായ കുഞ്ഞിന് മാർച്ചിൽ 20 രൂപയായിരുന്നു വില. ഇപ്പോഴിത് 25 രൂപയായി. ലോക്ഡൗണിന് മുമ്പ് 50 കിലോ തീറ്റക്ക് 1230 രൂപയായിരുന്നത് 2300 ആയും വർധിച്ചു. 25 രൂപക്ക് വാങ്ങുന്ന കോഴിയെ പരിപാലിച്ച് 40 ദിവസമാക്കുമ്പോൾ നല്ലൊരു തുക ചെലവഴിക്കേണ്ടിവരും. ഫാമിൽ 80 രൂപയിൽ താഴെ നൽകി മാർക്കറ്റിൽ എത്തിക്കുന്ന കോഴിക്കാണ് കിലോക്ക് 125 രൂപ വാങ്ങുന്നത്.
ഫാമുകളിൽ കോഴിയുടെ വിൽപന സീസൺ ആരംഭിക്കുമ്പോൾ തമിഴ്നാട് ലോബി കുറഞ്ഞ വിലയിൽ കേരളത്തിലേക്ക് ഇറച്ചിക്കോഴി എത്തിക്കുന്നത് പതിവാണ്. ഇത് ഇവിടുത്തെ കർഷകരെ സാമ്പത്തികമായി തകർക്കുന്നു. ഇറച്ചിക്കോഴിയുടെ തീറ്റ, കോഴിക്കുഞ്ഞുങ്ങളുടെ വില എന്നിവയിൽ അടിക്കടിയുണ്ടാകുന്ന വില വർധന ഫാമുകളെ തകർക്കുകയാണെന്ന് ഫാം ഉടമയായ സുരേഷ് ബാബു പറഞ്ഞു.
‘ചെക്ക് പോസ്റ്റിലെ അഡ്മിനിസ്ട്രേഷൻ ചാർജ് പിൻവലിക്കണം’
ആലപ്പുഴ: ചെക്ക് പോസ്റ്റുകളിൽ അഡ്മിനിസ്ട്രേഷൻ ചാർജ് എന്ന പേരിൽ ഇതര സംസ്ഥാനത്തുനിന്ന് കൊണ്ടുവരുന്ന കോഴി, താറാവ്, കാട എന്നിവക്ക് നിശ്ചിത തുക ഈടാക്കുന്ന നടപടി പിൻവലിക്കണമെന്ന് ഓൾ കേരള പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പൗൾട്രി മേഖല വലിയ പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം അധിക ചാർജുകൾ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല. ഉദ്യോഗസ്ഥ തലത്തിൽ അഴിമതിക്ക് കളമൊരുക്കലാണ് ഇതെന്നും കേരളത്തിലെ പൗൾട്രി കർഷകരെ പ്രതികൂലമായി ബാധിക്കുമെന്നും കർഷകരെയും കച്ചവടക്കാരെയും ദ്രോഹിക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും മൃഗസംരക്ഷണ മന്ത്രിക്കും നിവേദനം നൽകിയതായി ഭാരവാഹികളായ സംസ്ഥാന പ്രസിഡന്റ് താജുദ്ദീനും ജനറൽ സെക്രട്ടറി എസ്.കെ. നസീറും ട്രഷറർ രവീന്ദ്രനും പറഞ്ഞു.