ആലപ്പുഴയിൽ ശക്തമായ മഴക്ക് നേരിയ ശമനം; പലയിടത്തും വെള്ളക്കെട്ട്
text_fieldsകിഴക്കൻ വെള്ളത്തിന്റെ വരവിൽ വെള്ളംനിറഞ്ഞ കുട്ടനാട്ടിലെ പാടശേഖരങ്ങൾ. നെടുമുടിയിൽനിന്നുള്ള ദൃശ്യം
കുട്ടനാട്, അപ്പർ കുട്ടനാട് മേഖലക്ക് ആശ്വാസം
ആലപ്പുഴ: ശക്തമായ മഴക്ക് നേരിയ ശമനം വന്നെങ്കിലും കുട്ടനാട്ടിൽ പലയിടത്തും വെള്ളക്കെട്ട്. കഴിഞ്ഞദിവസം പെയ്തിറങ്ങിയ മഴയുടെ അളവിൽ ഗണ്യമായ കുറവാണുണ്ടായത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ സാധ്യതയുള്ളതിനാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരും. കടലാക്രമണ ഭീതിയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്. കനത്ത മഴ കുറഞ്ഞത് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാട്, അപ്പർകുട്ടനാട് പ്രദേശങ്ങൾക്ക് ആശ്വാസമായി. എന്നാൽ, പലയിടത്തും രൂപപ്പെട്ട വെളളക്കെട്ടിന് മാറ്റമുണ്ടായിട്ടില്ല. മങ്കൊമ്പ്-വികാസ് മാർഗ് ചതുർഥ്യാകരി, പുളിങ്കുന്ന്-അയ്യനാട് എന്നീ റോഡുകളിലാണ് വെള്ളക്കെട്ട് ജനങ്ങൾക്ക് ദുരിതമാകുന്നത്. ആലപ്പുഴ നഗരസഭ പ്രദേശങ്ങളിലെ പൂന്തോപ്പ്, തത്തംപള്ളി എന്നിവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറിയിരുന്നു. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കാൻ തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർമുക്കം ബണ്ടും മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിൽ 39 ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. ഇതിലൂടെ ജലമൊഴുക്ക് സുഗമാക്കുന്നുണ്ട്. മീനച്ചിൽ, പമ്പ, മണിമല, അച്ചൻകോവിൽ നദികളിലെ വെള്ളം ഒഴുകിയെത്തുന്ന വേമ്പനാട്ടുകായലിൽനിന്ന് പുറന്തള്ളാൻ തണ്ണീർമുക്കത്തെ 90 ഷട്ടറുകളും തുറന്നിട്ടുണ്ട്. നദികളിലും തോടുകളിലും കാര്യമായ ജലനിരപ്പ് ഉയർന്നിട്ടില്ല. കൃഷി കഴിഞ്ഞ പാടശേഖരങ്ങളിൽ വെളളംകെട്ടിനിൽക്കുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. ഇത് ഗ്രാമീണ റോഡുകളിൽ വെള്ളംകയറുന്നതിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

