ആറ് പുതിയ ബോട്ടുകൾ ഇനി കുറഞ്ഞ ചെലവിൽ; കായൽയാത്ര
text_fieldsആലപ്പുഴ: പുതുവർഷത്തിൽ പുതിയ പരീക്ഷണവുമായി ജലഗതാഗത വകുപ്പ്. സഞ്ചാരികൾക്കായി ആറ് ബോട്ടുകൾ സർവിസ് നടത്തും. നിലവിൽ ബോട്ട് സർവിസ് നടത്താത്ത പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാണ് പുതിയ പരീക്ഷണം. സോളാർ ബോട്ടുകൾക്കും വിനോദസഞ്ചാരത്തിനും പ്രാധാന്യം നൽകുന്ന പ്രത്യേക സർവിസുകൾക്കുമാണ് ഇക്കുറി മുൻഗണന.
ആറ് ബോട്ടുകളിൽ അഞ്ചെണ്ണവും പരിസ്ഥിതി സൗഹൃദമായ സോളാർ ബോട്ടുകളാണ്. ഇതിലൂടെ അവധി ദിനങ്ങളിലെത്തുന്ന വിനോദസഞ്ചാരികൾക്ക് പുതിയ സ്ഥലങ്ങൾ കാണാനും പ്രകൃതിഭംഗി കുറഞ്ഞ ചെലവിൽ ആസ്വദിക്കാനുമാകും.
ആലപ്പുഴ, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ സർവിസ് നടത്തുന്നത്. സോളാർ ബോട്ടുകളിൽ 75 പേർക്ക് സഞ്ചരിക്കാവുന്ന മൂന്ന് ബോട്ടുകളും, 30 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ബോട്ടുകളുമാണ് നിർമാണം പൂർത്തിയാക്കിയത്. ഏകദേശം മൂന്ന് കോടി രൂപയാണ് ചെലവ്. രണ്ടുകോടി ചെലവഴിച്ച് നിർമിച്ച ഡീസൽ ബോട്ടിൽ 100 പേർക്ക് ഒരേ സമയം യാത്രചെയ്യാം. സ്ഥിരം യാത്രാ സർവിസുകൾക്ക് പുറമെയാണിത്. ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് പുതിയ റൂട്ടുകളിൽ പരീക്ഷണ സർവീസുകൾ ഓടുന്നത്.
ക്രിസ്മസ് അവധിക്കാലത്ത് ചങ്ങനാശേരിയിൽനിന്ന് കാവാലം വഴി രാജപുരം വരെ നടത്തിയ പ്രത്യേക സർവിസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതിനൊപ്പം കണ്ണൂർ കവ്വായിൽ നടത്തിയ സർവിസിനോടും ആളുകൾക്ക് താൽപര്യം ഏറെയായിരുന്നു.ഹൗസ് ബോട്ടുകളെയും ശിക്കാര ബോട്ടുകളെയും ആശ്രയിക്കുന്ന വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ പാസഞ്ചർ ബോട്ട് സർവിസുകൾ വഴിയൊരുക്കും. ഇതിന്റെ ഭാഗമായി ആലപ്പുഴയിൽനിന്ന് കോട്ടയം-പള്ളം ഭാഗത്തേക്ക് പുതിയ അവധിദിന സർവിസ് ആരംഭിക്കാനും ആലോചനയുണ്ട്.
75 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണ് ഈ റൂട്ടിൽ ഉപയോഗിക്കുക. കൂടുതൽ വിനോദസഞ്ചാര സാധ്യതയുള്ള ഇടങ്ങളിലേക്ക് ഇത്തരം സർവിസുകൾ വ്യാപിപ്പിക്കുകയാണ് ജലഗതാഗത വകുപ്പിന്റെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

