ജില്ലയിൽ 1,42,377 വോട്ടർമാർ പുറത്ത്
text_fieldsആലപ്പുഴ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷമുള്ള (എസ്.ഐ.ആർ) ജില്ലയിലെ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 1,42,377 പേർ പട്ടികയിൽനിന്ന് പുറത്തായി.
2025 ഒക്ടോബർ 27 ലെ വോട്ടർ പട്ടികയനുസരിച്ച് ജില്ലയിൽ ആകെ 17,58,938 വോട്ടർമാർ ഉണ്ടായിരുന്നു. ഇപ്പോൾ 16,16,561 പേർ മാത്രമാണുള്ളത്. കണ്ടുപിടിക്കാനാവാത്തവർ/നിലവിൽ സ്ഥലത്തില്ലാത്തവർ (ആബ്സന്റ്) എന്ന നിലയിൽ 33,771 പേരെയും സ്ഥിരമായി താമസം മാറിയവരായി 50,839 പേരെയും മരണപ്പെട്ട 46,999 പേരെയും വോട്ടർപട്ടികയിൽ ഇരട്ടിപ്പ് വന്ന 8,237 പേരെയും മറ്റുകാരണങ്ങളാൽ 2,531പേരെയും അടക്കമാണ് 1,42,377 പേരെ ഒഴിവാക്കിയതെന്ന് കലക്ടർ പറഞ്ഞു. 16,16,561 പേർ മാത്രമാണ് എന്യൂമറേഷൻ ഫോമുകൾ തിരിച്ചു നൽകിയതെന്നും അവ മുഴുവൻ ഡിജിറ്റൈസ് ചെയ്തിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
എന്യൂമറേഷൻ ഫോമുകൾ തിരിച്ചുനൽകിയ എല്ലാ വോട്ടർമാരും കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആർ വോട്ടർപട്ടിക പ്രകാരം ജില്ലയിലെ ആകെ വോട്ടർമാരിൽ 7,79,007 പുരുഷന്മാരും 8,37,538 സ്ത്രീകളും16 ട്രാൻസ് ജെൻഡറുകളുമുണ്ട്.
എല്ലാ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാരുടെ ഓഫിസുകളിലും പൊതുജനങ്ങൾക്ക് വോട്ടർപട്ടിക പരിശോധനക്ക് ലഭിക്കും. എല്ലാ വോട്ടർമാരും പട്ടിക പരിശോധിച്ച് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് കലക്ടർ അറിയിച്ചു.
വോട്ടർപട്ടികയിൽ ഉൾപ്പെടാത്തവർക്ക് ജനുവരി 22 വരെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർക്ക് പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാം. ലഭിച്ച പരാതികളിൽ ഫെബ്രുവരി 14 വരെ പരാതിക്കാരെ നേരിൽ കേൾക്കുകയും രേഖകളുടെ പരിശോധനയും നടക്കും. ഫെബ്രുവരി 21ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന്റെ ഭാഗമായി കലക്ടറുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എക്ക് വോട്ടർപട്ടികയുടെ പകർപ്പ് നൽകി കലക്ടർ അലക്സ് വർഗീസ് നിയോജക മണ്ഡല തലത്തിലുള്ള രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് വോട്ടർ പട്ടികയുടെ പകർപ്പുകൾ കൈമാറുന്നതിന് തുടക്കം കുറിച്ചു. ഇലക്ഷൻ ഡെ. കലക്ടർ എസ്. ബിജു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

