ചെങ്ങമനാട് പഞ്ചായത്തിൽ സഹോദരങ്ങൾ മത്സര രംഗത്ത്
text_fieldsടി.എസ്. ബാലചന്ദ്രനും അമ്പിളി ഗോപിയും
ചെങ്ങമനാട്: പഞ്ചായത്തിലെ സമീപ വാർഡുകളായ പാലപ്രശ്ശേരി തെക്കും കുളവൻകുന്നിലും ഇത്തവണ എൽ.ഡി.എഫിന് വേണ്ടി പോരാടുന്നത് ജ്യേഷ്ഠനും അനുജത്തിയും. പാലപ്രശ്ശേരി തച്ചാട്ടുപറമ്പിൽ പരേതരായ ശങ്കരപ്പിള്ള-ഓമനയമ്മ ദമ്പതികളുടെ മകൻ ടി.എസ്. ബാലചന്ദ്രനും ഇളയ മകൻ ടി.എസ്. ഗോപിയുടെ ഭാര്യ അമ്പിളിയുമാണ് സ്ഥാനാർഥികൾ.
നിലവിൽ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ അമ്പിളി ഗോപി ഇത്തവണ ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ 19ാം വാർഡായ പാലപ്രശ്ശേരി തെക്കാണ് മത്സരിക്കുന്നത്. കന്നിയങ്കം കുറിക്കുന്ന അമ്പിളിയുടെ ഭർതൃസഹോദരനായ ടി.എസ്. ബാലചന്ദ്രൻ രണ്ടാം വാർഡായ കുളവൻകുന്നിലും ഏറ്റുമുട്ടും.
യാദൃച്ഛികമായാണ് ഇരുവരും സ്ഥാനാർഥികളായത്. സി.പി.എം സ്വതന്ത്രരായാണ് മത്സരിക്കുന്നതെങ്കിലും ഇരുവരുടെയും ചിഹ്നം ചുറ്റിക അരിവാൾ നക്ഷത്രമാണ്. 13 വർഷം ആശ പ്രവർത്തകയായിരുന്ന അമ്പിളി ഗോപി 2020ൽ ബ്ലോക്ക് പഞ്ചായത്തിലേക്ക് കന്നിയങ്കം കുറിക്കുകയും തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ജനപ്രതിനിധിയായ ശേഷവും അമ്പിളി ആശ പ്രവർത്തകയായി പ്രവർത്തിച്ച് വരുകയായിരുന്നു.
അറിയപ്പെടുന്ന പാചകക്കാരനായ ഗോപിയുടെ ഭാര്യയും ചേർത്തല പൂച്ചാക്കൽ മണപ്പുറം ഈശ്വരവിലാസം സി.പി. രാഘവൻപിള്ളയുടെയും പങ്കജാക്ഷി അമ്മയുടെയും മകളുമാണ്. ടി.എസ്. ബാലചന്ദ്രൻ ചെങ്ങമനാട് ആശുപത്രിപ്പടി കവലയിൽ എ.ആർ.ഡി 264ാം നമ്പർ റേഷൻ കട ഉടമയും ചെങ്ങമനാട് മർച്ചന്‍റ്സ് അസോസിയേഷൻ ട്രഷറുമാണ്. ഭാര്യ ആശ ചന്ദ്രൻ 78ാം നമ്പർ അംഗൻവാടി വർക്കറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

