Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആറ്റുകൊഞ്ച്...

ആറ്റുകൊഞ്ച് അന്യമാകുന്നു; നിരാശയിൽ ഉൾനാടൻ മത്സ്യമേഖല

text_fields
bookmark_border
ആറ്റുകൊഞ്ച് അന്യമാകുന്നു; നിരാശയിൽ ഉൾനാടൻ മത്സ്യമേഖല
cancel
Listen to this Article

ആലപ്പുഴ: പ്രളയത്തെത്തുടർന്ന് വേമ്പനാട്ടു കായലിലുണ്ടായ മാറ്റം ആറ്റുകൊഞ്ച് ലഭ്യതയിലുണ്ടാക്കിയ കുറവ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം മുടക്കുന്നു. ശുദ്ധജലം വർധിച്ചപ്പോൾ ഉപ്പുവെള്ളത്തിന്റെ അളവ് കുറഞ്ഞതും മഴ കൂടിയതും തണ്ണീർമുക്കം ബണ്ട് കൃത്യമായി തുറക്കാത്തതുമാണ് ആറ്റുകൊഞ്ചിന്റെ പ്രജനനത്തിന് തടസ്സമായതെന്നാണ് നിഗമനം. 2018വരെ ലഭിച്ചിരുന്ന കൊഞ്ചിന്റെ അഞ്ചു ശതമാനംപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മുഹമ്മ, കുപ്പപ്പുറം, കൈനകരി, സി ബ്ലോക്ക്, മാർത്താണ്ഡം, തണ്ണീർമുക്കം പ്രദേശങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഉപ്പിന്റെ അളവ് കുറഞ്ഞതിനാൽ കുഞ്ഞുങ്ങളുടെ എണ്ണം തീരെ കുറഞ്ഞു. എ ട്രീ ഏജൻസി വേമ്പനാട്ടുകായലിൽ നടത്തിയ ഫിഷ് കൗണ്ടിലാണ് ആറ്റുകൊഞ്ചിന്റെ കുറവ് കണ്ടെത്തിയത്. പ്രളയത്തിൽ അടിഞ്ഞ എക്കലും മണലും നിമിത്തം പലയിടത്തും കായലിന്റെ ആഴം കുറഞ്ഞത് കൊഞ്ചിന്റെയും മറ്റ് മത്സ്യങ്ങളുടെയും പ്രജനനത്തിന് വിനയാകുകയായിരുന്നു.

ആറ്റുകൊഞ്ച് ശുദ്ധജലത്തിലാണ് വളരുന്നതെങ്കിലും പ്രജനന കാലത്ത് ഓരുജലത്തിലെത്തി മുട്ടയിടും. ശുദ്ധജലത്തിൽ ഉപ്പിന്റെ സാന്ദ്രത 15 ശതമാനം ഉണ്ടെങ്കിലേ മുട്ട വിരിഞ്ഞ് കരുത്തുള്ള കുഞ്ഞുങ്ങൾ ലഭിക്കൂ.ദിവസങ്ങൾ മാത്രം ഓരുജലത്തിൽ വളരും. തുടർന്ന് ശുദ്ധജലത്തിൽ ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തുന്നതോടെ ഒരു ആറ്റുകൊഞ്ചിന് 200 മുതൽ 850 ഗ്രാംവരെ തൂക്കം ലഭിക്കും.

വലവീശയും കമ്പി ഉപയോഗിച്ച് കുത്തിയുമാണ് ഇത് പിടിക്കുന്നത്. വലയിൽ പിടിക്കുന്ന കൊഞ്ചിന് കിലോക്ക് 600-800 രൂപ ലഭിക്കുമ്പോൾ കുത്തുകൊഞ്ചിന് 350-400 ആണ് വില. ഒരു തൊഴിലാളിക്ക് പ്രതിദിനം അഞ്ചു മുതൽ 10 കിലോവരെ ലഭിച്ചിരുന്നു.കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് കൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. വേമ്പനാട്ടുകായലിൽ പരമ്പരാഗതമായി ലഭിക്കുന്ന ആറ്റുകൊഞ്ചിന് രുചിയും തൂക്കവും കൂടും. നാടൻ കൊഞ്ചിന്റെ ഹാച്ചറി സംസ്ഥാനത്ത് ഇല്ലാത്തതിനാൽ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവരുന്ന കുഞ്ഞുങ്ങളെയാണ് കായലിൽ നിക്ഷേപിക്കുന്നത്.

നാടൻ കൊഞ്ചും നിക്ഷേപിക്കുന്ന കൊഞ്ചുമായുള്ള ഇണചേരലിൽ പുതിയ ഇനം കൊഞ്ചിന്റെ കുഞ്ഞുങ്ങളുണ്ടാകും. ഇതിന് പരമ്പരാഗത കൊഞ്ചിന്റെ ഗുണനിലവാരം ലഭിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. വേമ്പനാട്ടുകായലിൽനിന്ന് പരമ്പരാഗതമായി ലഭിക്കുന്ന ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഹാച്ചറി തുടങ്ങി ഉൽപാദിപ്പിക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Show Full Article
TAGS:Shrimp
News Summary - Shrimp not available; Inland fisheries in despair
Next Story