സ്റ്റോക്ക് കുറവ്; റേഷൻ കടകളിൽ ഓണം സ്പെഷൽ അരിക്ക് ക്ഷാമം
text_fieldsആലപ്പുഴ: നീല, വെള്ള കാർഡുകാർക്കുള്ള ഓണം സ്പെഷൽ അരിയുടെ ശേഖരം ജില്ലയിലെ പല റേഷൻ കടകളിലും തീർന്നു. കാർഡുകളുടെ എണ്ണത്തിന് അനുപാതികമായി അരി എത്തിക്കാതിരുന്നതാണ് കാരണം. ഓരോ റേഷൻ കടയിലും 20 മുതൽ 25 വരെ ശതമാനം കാർഡുടമകൾക്ക് നൽകാനുള്ള അരി മാത്രമാണ് എത്തിയിട്ടുള്ളത്.
വ്യാഴാഴ്ച സ്പെഷൽ അരി വിതരണം പലയിടത്തും മുടങ്ങി. സ്റ്റോക്കെത്തുന്ന മുറക്ക് നൽകാമെന്ന് പറഞ്ഞാണ് റേഷൻ വ്യാപാരികൾ കാർഡുടമകളെ തിരിച്ചയക്കുന്നത്. പുഞ്ചയരി, പുഴുക്കലരി, പച്ചരി എന്നിവ ചേർത്ത് 10 കിലോയാണ് ഒരു കാർഡിന് സ്പെഷൽ അരി നിശ്ചയിച്ചിട്ടുള്ളത്.
10.90 രൂപയാണ് കിലോഗ്രാമിന് നൽകേണ്ടത്. ഈ മാസം ഏഴുവരെയാണ് വിതരണത്തിന് അനുവദിച്ചിട്ടുള്ള സമയം. അതിനകം സ്റ്റോക്കെത്തിയില്ലെങ്കിൽ ഒട്ടേറെ കാർഡ് ഉടമകൾക്ക് സ്പെഷൽ അരി നഷ്ടമാകും. ദേശീയ ഭക്ഷ്യഭദ്രത നിയമത്തിന് പുറത്തുള്ളതിനാൽ സാധാരണ റേഷൻ വിഹിതം കുറവായതിനാലാണ് ഈ വിഭാഗങ്ങൾക്ക് സ്പെഷൽ അരി നൽകാൻ തീരുമാനിച്ചത്.
സാധാരണ റേഷൻ വിഹിതമായി വെള്ള കാർഡിന് രണ്ടുകിലോ അരിയും നീല കാർഡിലെ ഓരോ അംഗത്തിനും രണ്ട് കിലോ വീതവുമാണ് അരിയുള്ളത്. ജില്ലയിൽ 3.02 ലക്ഷം കുടുംബങ്ങൾക്കാണ് നീല, വെള്ള കാർഡുകളുള്ളത്. വെള്ള കാർഡുകാരുടെ ഓണക്കിറ്റ് വിതരണവും പ്രതിസന്ധിയിലാണ്.
വെള്ള കാർഡുകാരുടെ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പലയിടത്തും നടന്നില്ല. സപ്ലൈകോ കൃത്യമായി കിറ്റ് എത്തിക്കാതിരുന്നതാണ് പ്രശ്നമായത്. കിറ്റിൽ നിറക്കേണ്ട ഏലക്ക, മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവയുടെ ക്ഷാമമാണ് കാരണം.
മഞ്ഞ, പിങ്ക്, നീല കാർഡുകാരിൽ ചിലർ വാങ്ങാത്ത കിറ്റുകളാണ് വെള്ളിയാഴ്ച വെള്ള കാർഡുകാർക്ക് നൽകിയത്. ഇതും തീർന്നതോടെ പലരും കിറ്റുകിട്ടാതെ മടങ്ങി. ഓണത്തിന് ശേഷം വിതരണമുണ്ടാകില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുള്ളതിനാൽ മുഴുവൻ കാർഡുടമകൾക്കും കിറ്റ് കിട്ടാനിടയില്ല.
ഓണം സ്പെഷലായി ലഭിക്കുന്ന 10 കിലോഗ്രാം അരി കിട്ടിയാൽപോലും വെള്ള കാർഡുകാർക്ക് ഈ മാസം റേഷൻ കടകളിൽനിന്ന് ലഭിക്കുന്ന അരിയിലും കുറവ് വരും. എട്ടിന് പകരം രണ്ട് കിലോ മാത്രമാകും ലഭിക്കുക. കഴിഞ്ഞ മാസം എട്ട് കിലോ അരി ലഭിച്ച സ്ഥാനത്താണ് ഈ മാസം രണ്ടായി കുറഞ്ഞത്.
ഓണം സ്‌പെഷൽ അരിയുൾപ്പെടെ കഴിഞ്ഞ മാസം 18 കിലോ അരി വാങ്ങിയവർക്ക് രണ്ട് കിലോ അരി മാത്രമാകും ഈ മാസം ലഭിക്കുക. വെള്ള കാർഡിന് ജൂലൈയിൽ 10 കിലോ അരിയും ആഗസ്റ്റിൽ എട്ട് കിലോ അരിയുമാണ് കിലോക്ക് 10.90 രൂപ നിരക്കിൽ നൽകിയിരുന്നത്. എന്നാൽ, സെപ്റ്റംബറിൽ രണ്ട് കിലോ അരി മാത്രമാണ് സാധാരണ നിലയിൽ വിതരണം ചെയ്യുന്നത്.
ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ ഇനി റേഷനില്ല
ആലപ്പുഴ: റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്കെതിരെ കർശന നടപടിക്കൊരുങ്ങി സിവിൽ സപ്ലൈസ് വകുപ്പ്. ഈമാസം 15നകം ആധാർ ബന്ധിപ്പിക്കാത്തവരെ റേഷൻ കാർഡുകളിൽനിന്ന് നീക്കും. റേഷൻ വിഹിതം നൽകുകയുമില്ല. ആധാർ ബന്ധിപ്പിക്കാത്ത സബ്‌സിഡി കാർഡുകൾ പൊതുവിഭാഗത്തിലേക്കും മാറ്റും.
പലതവണ അവസരം നൽകിയിട്ടും ആധാർ ബന്ധിപ്പിക്കാത്തതിനാലാണ് നടപടി. ജില്ലയിൽ 20,821 പേർ ആധാർ ബന്ധിപ്പിച്ചിട്ടില്ല. 6,15,201 റേഷൻ കാർഡുകളിലായി 22,24,896 അംഗങ്ങളുണ്ട്. ഇതിൽ 22,04,075 പേർ ആധാർ ചേർത്തു. നീല, വെള്ള കാർഡുകാരാണ് ആധാർ നൽകുന്നതിൽ വീഴ്ച വരുത്തിയത്. ഏതെങ്കിലും ഒരു അംഗത്തിെൻറ ആധാർ ബന്ധിപ്പിച്ചില്ലെങ്കിൽ, അയാളുടെ വിഹിതം കുറക്കാനാണ് തീരുമാനം.
ആധാർ ബന്ധിപ്പിക്കാൻ
റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് തുടങ്ങിയവ വഴി ആധാർ ബന്ധിപ്പിക്കാം. സംശയങ്ങൾക്ക് ചേർത്തല: 04782823058, 9188527357, അമ്പലപ്പുഴ: 04772252547, 9188527356, കുട്ടനാട്: 04772702352, 9188527355, കാർത്തികപ്പള്ളി: 04792412751, 9188527352, മാവേലിക്കര: 04792303231, 9188527353, ചെങ്ങന്നൂർ: 04792452276, 9188527354 എന്നീ നമ്പറുകളിൽ വിളിക്കാം.