ഡോക്ടർമാരും നഴ്സുമാരും കുറവ്; വേണം ശസ്ത്രക്രിയ ആലപ്പുഴ മെഡിക്കൽ കോളജിനും
text_fieldsഅമ്പലപ്പുഴ: സാധാരണക്കാരായ രോഗികൾക്ക് ആശ്രയമായ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്ക് പോരായ്മകൾ ഏറെയാണ്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവ് നികത്താനായിട്ടില്ല. ഗ്യാസ്ട്രോ, ന്യൂറോ, മെഡിസിൻ, റേഡിയോളജി, സർജറി, ഓർത്തോ, യൂറോളജി, ഡർമറ്റോളജി തുടങ്ങിയ പല വിഭാഗങ്ങളിലെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങളെ ബാധിക്കുന്നു.
സര്‍ജറി വിഭാഗത്തില്‍ 16 അസി. പ്രഫസര്‍മാരുടെ ഒഴിവുണ്ട്. അതില്‍ 11 എണ്ണവും ഒഴിഞ്ഞു കിടക്കുകയാണ്. റോഡിയോളജി വകുപ്പിൽ 13 തസ്തകയില്‍ നാലുപേർ മാത്രമാണ് ജോലിയിലുള്ളത്. ഇതുപോലെ വിവിധ വകുപ്പുകളിലായി നിരവധി ഒഴിവുകളാണ് നികത്താനുള്ളത്.
ഇതിനിടെ വര്‍ക്കിങ് അറേഞ്ച്മെന്റിന്റെ ഭാഗമായി സ്ഥലംമാറ്റം അനുവദിക്കുന്നത് പ്രതിസന്ധി ഇരട്ടിയാക്കി. സൂപ്പര്‍ സ്പെഷാലിറ്റി സൗകര്യം ഇതുവരെ യാഥാര്‍ഥ്യമാക്കിയില്ല. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോരായ്മകൾ ഡോക്ടറുടെ വെളിപ്പെടുത്തലിലൂടെ പുറത്തുവന്നതോടെ ആലപ്പുഴ മെഡിക്കൽ കോളജിന്റെ ദുരവസ്ഥയും ചർച്ചയാകുകയാണ്.
ആഴ്ചയിൽ രണ്ട് ബൈപാസ് ശസ്ത്രക്രിയ മാത്രം
കാർഡിയോളജിയിൽ ആഴ്ചയിൽ രണ്ട് ബൈപാസ് ശസ്ത്രക്രിയ മാത്രമാണ് നടക്കുന്നത്. പത്ത് നഴ്സുമാരെയും ഒരു പെർഫ്യൂഷനിസ്റ്റിനെയും കൂടി നിയമിച്ചാൽ കൂടുതൽ ബൈപാസ് ശസ്ത്രക്രിയ നടത്താൻ കഴിയും. ജീവനക്കാരുടെയും മറ്റ് സംവിധാനങ്ങളുടെയും കുറവുമൂലം ആറുമാസത്തിലേറെയായി രോഗികൾ ശസ്ത്രക്രിയ പ്രതീക്ഷിച്ച് കഴിയുകയാണ്. ചില പാക്കേജുകൾ ഹെൽത്ത് കാർഡിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ഉപകരണങ്ങൾ പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നു. ഇത് നിർധന രോഗികൾക്ക് പ്രയാസമുളവാക്കുന്നു.
സ്കാനിങ് റിപ്പോർട്ടിന് ഒരാഴ്ച കാത്തിരിക്കണം
ഡോക്ടർമാരുടെ കുറവ് റേഡിയോളജി വിഭാഗത്തെ കാര്യമായി ബാധിക്കുന്നു. എം.ആർ.ഐ, സി.ടി കോൺട്രാസ്റ്റ് എന്നിവയുടെ റിപ്പോർട്ട് ലഭിക്കണമെങ്കിൽ ഒരാഴ്ചവരെ കാത്തിരിക്കേണ്ട അവസ്ഥയാണ്. റേഡിയോളജി വിഭാഗത്തിൽ നിലവിലെ ഒഴിവുകളിൽ നിയമനം നടത്താത്ത സാഹചര്യം ഉണ്ടായാൽ പി.ജി അംഗീകാരം നഷ്ടപ്പെടാനും സാധ്യതയുണ്ട്.
എക്സ്റേ വിഭാഗത്തിൽ പരിചയസമ്പന്നരായ ടെക്നീഷൻമാരുടെ കുറവുണ്ട്. ഉച്ചവരെ മാത്രമേ സ്റ്റാഫിന്റെ സേവനം ലഭ്യമാകുന്നുള്ളൂ. മറ്റു സമയങ്ങളിൽ രാത്രിയിലുൾപ്പെടെ ട്രെയിനി, താൽക്കാലിക ജീവനക്കാർ മാത്രമാണുള്ളത്. ഇത് പലപ്പോഴും എക്സ്റേ വിഭാഗത്തിന്റെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

