ഷിഗല്ല രോഗബാധ; ആറാട്ടുപുഴയിൽ സ്കൂൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി
text_fieldsആറാട്ടുപുഴ: ഷിഗെല്ല രോഗബാധയും കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയും സ്ഥിരീകരിച്ചതിനെത്തുടർന്ന് ജൂൺ ഒന്ന് മുതൽ 15 ദിവസത്തേക്ക് സ്കൂളുകളും അംഗൻവാടികളും തുറക്കുന്നത് നീട്ടി കലക്ടർ ഷാജി വി. നായർ ഉത്തരവിറക്കി. നിരവധി കുട്ടികളിലും മുതിർന്നവരിലും രോഗബാധ കണ്ടതിനെ തുടർന്ന് സ്കൂൾ തുറക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ് കലക്ടർക്ക് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ ഏഴ്, ഒൻപത്, 12, 13, 14, 15, 17 എന്നീ വാർഡുകളിലെ വിദ്യാലയങ്ങൾക്കാണ് നിലവിൽ ഈ നിയന്ത്രണമെങ്കിലും, രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളും അംഗൻവാടികളും ട്യൂഷൻ സെന്ററുകളും അടച്ചിടണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.
രോഗബാധിത സ്ഥലങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലെ സ്കൂളുകളിലേക്ക് കുട്ടികൾ പോകുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇക്കാര്യം പഞ്ചായത്ത് അധികാരികൾ കലക്ടറോട് അറിയിച്ചെങ്കിലും ഉത്തരവിൽ അത് വ്യക്തമാക്കിയിട്ടില്ല. കുട്ടികളെ അയക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത പ്രദേശങ്ങളിലുള്ള സ്കൂൾ അധികാരികൾ പഞ്ചായത്ത് അധികാരികളെ ബന്ധപ്പെടുന്നുണ്ട്. രോഗബാധിതരുമായി സമ്പർക്കമുള്ളവരോട് രണ്ടാഴ്ചത്തേക്ക് ക്വാറന്റൈനിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷൻ ശക്തമാക്കാനും വീടുകളിൽ ക്ലോറിൻ ടാബ്‌ലെറ്റുകൾ എത്തിക്കാനും നടപടിയായി. പ്രദേശത്തെ കടകളിൽ സർബത്ത്, ജ്യൂസ് എന്നിവ വിൽക്കുന്നതിന് താൽക്കാലിക വിലക്കേർപ്പെടുത്തുകയും മൈക്ക് അനൗൺസ്മെന്റ് വഴി ബോധവൽക്കരണം ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്. ആശാ വർക്കർമാരുടെയും സന്നദ്ധ പ്രവർത്തകരുടെയും അടിയന്തര യോഗം വിളിച്ച് ആവശ്യമായ സുരക്ഷാ സാമഗ്രികൾ വിതരണം ചെയ്യും.
നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കലക്ടർ അറിയിച്ചു. പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും വയറിളക്കം, ഛർദ്ദി എന്നിവയോടൊപ്പം മലത്തിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടൻ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

