പല്ലനയിൽ മലിനജലം: പരിസരവാസികൾ ദുരിതത്തിൽ
text_fieldsപല്ലന കുറ്റിക്കാട് ഭാഗത്ത് കെട്ടിനിൽക്കുന്ന മലിന ജലം
ആറാട്ടുപുഴ: തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന കുറ്റിക്കാട് ജങ്ഷന് കിഴക്കുഭാഗത്തുള്ള കുടുംബങ്ങൾ മാസങ്ങളായി കടുത്ത വെള്ളക്കെട്ടിന്റെയും അതുണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുടെയും നടുവിലാണ്. മഴക്കാലം ശക്തമായതോടെ പ്രദേശവാസികളുടെ ദുരിതം ഇരട്ടിയായി. പതിറ്റാണ്ടുകൾക്ക് മുൻപ് നിർമിച്ച കലുങ്കിലൂടെയുള്ള ജലഗതാഗതം നിലച്ചതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. തൃക്കുന്നപ്പുഴ-തോട്ടപ്പള്ളി റോഡിനോട് ചേർന്ന് കിഴക്കുഭാഗത്താണ് നിലവിൽ വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടിയാണ് സമാന്തരമായി ഓട കടന്നുപോകുന്നത്. കിഴക്കുഭാഗത്തെ വെള്ളം ഈ ഓടയിലേക്ക് സുഗമമായി ഒഴുകിപ്പോകുന്നതിനായി പതിറ്റാണ്ടുകൾക്കു മുമ്പ് കലുങ്ക് നിർമിച്ചിരുന്നുവെങ്കിലും നിലവിൽ അതുവഴിയുള്ള നീരൊഴുക്ക് പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.
വെള്ളം കെട്ടിക്കിടക്കുന്നത് പറമ്പിന്റെ ഉടമയ്ക്ക് പ്രശ്നമാകാത്തതിനാൽ ജലം ഒഴുക്കിവിടാൻ ഇവർ താൽപര്യം കാട്ടുന്നില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സമീപത്തെ അറവുശാലയിൽ നിന്നുള്ള അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ കെട്ടിക്കിടന്ന് അഴുകി കറുത്ത നിറത്തിലാണ് നിലവിൽ വെള്ളമുള്ളത്. കനത്ത മഴ പെയ്യുമ്പോൾ ഈ മലിനജലം സമീപത്തെ വീടുകളുടെ പരിസരങ്ങളിലേക്ക് കവിഞ്ഞൊഴുകുകയാണ്. മഴ കനത്താൽ മലിനജലത്തിൽ ചവിട്ടാതെ ഈ പ്രദേശത്തുള്ളവർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
വയോധികരും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഈ പരിസരത്ത് കഴിയുന്നുണ്ട്. മാരകമായ മലിനജലത്തിൽ ചവിട്ടിവേണം സഞ്ചരിക്കാൻ. കൊതുക് ശല്യവും പകർച്ചവ്യാധി ഭീഷണിയും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. സമീപ പ്രദേശങ്ങളിൽ ഷിഗല്ല അടക്കമുള്ള മാരകമായ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള സാഹചര്യത്തിൽ പോലും പ്രശ്നം പരിഹരിക്കാൻ അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ല. ദുരിതബാധിതരായ കുടുംബങ്ങൾ മുഖ്യമന്ത്രി, ജില്ലാ കലക്ടർ, റവന്യൂ അധികാരികൾ, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് എന്നിവർക്ക് പരാതികൾ നൽകിയിട്ടും ഇതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. അടഞ്ഞുപോയ കലുങ്ക് തുറക്കാനും മലിനജലം ഒഴുക്കിക്കളയാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

