ഹൗസ് ബോട്ടിൽ മലിനജലം; പരാതി നൽകാനെത്തിയ കുടുംബത്തെ വട്ടംചുറ്റിച്ച് പൊലീസ്
text_fieldsആലപ്പുഴ: ഹൗസ് ബോട്ടിലെ ശുചിമുറിയിലെ മലിനജലത്തെക്കുറിച്ച് പരാതിയുമായെത്തിയ കുടുംബത്ത രണ്ട് മണിക്കൂറോളം പൊലീസ് വട്ടം ചുറ്റിച്ചതായി ആരോപണം. കോഴിക്കോട് പേരാമ്പ്ര കരയിൽത്താഴ ഹബീബാണ് പരാതി നൽകിയത്. കൊച്ചുകുട്ടികളുൾപ്പെട്ട അഞ്ചംഗ കുടുംബത്തിനാണ് ആലപ്പുഴയിൽ രണ്ട് മണിക്കൂറോളം ദുരിതമനുഭവിക്കേണ്ടിവന്നത്.
കഴിഞ്ഞ ആഴ്ച വിദേശത്തുനിന്നെത്തിയ കുടുംബങ്ങൾ ആലപ്പുഴയിലെ ഏജന്റ് മുഖേനയാണ് ഹൗസ് ബോട്ട് ഏർപ്പാടാക്കിയത്. ബുധനാഴ്ച പകൽ യാത്ര തുടങ്ങി വ്യാഴാഴ്ച രാവിലെ പുന്നമടയിൽ തിരിച്ചെത്തിക്കുന്നതിനായി 20,000 രൂപയും ഉറപ്പിച്ചു. പുന്നമടയിൽ നിന്നും 'ബസലേൽ' എന്ന ഹൗസ് ബോട്ടിലായിരുന്നു യാത്ര.
ഉച്ചഭക്ഷണത്തിന് ശേഷം കുളിക്കാൻ ശുചിമുറിയിൽ കയറിയപ്പോൾ ചെളികലർന്ന ചുവപ്പ് നിറത്തിലുള്ള വെള്ളമാണ് ലഭിച്ചത്. ഹൗസ് ബോട്ട് ജീവനക്കാരെ വിവരമറിയിച്ചെങ്കിലും വേണ്ട നടപടി സ്വീകരിച്ചില്ല. തുടർന്ന് പാതിവഴിയിൽ യാത്രമതിയാക്കി ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
ടൂറിസം പൊലീസിൽ വിവരമറിയിച്ചപ്പോൾ എയ്ഡ് പോസ്റ്റിൽ പരാതി നൽകാനാണ് നിർദേശം നൽകിയത്. തുടർന്ന് സംഘം മൂന്നുമണിയോടെ യാത്ര തിരിച്ചെങ്കിലും വൈകീട്ട് അഞ്ചോടെയാണ് ആലപ്പുഴ എയ്ഡ് പോസ്റ്റിൽ ഇവരെ എത്തിച്ചത്. എയ്ഡ് പോസ്റ്റ് പൊലീസാകട്ടെ പരാതി സ്വീകരിക്കാൻ തയാറായില്ല. മണിക്കൂറുകൾക്ക് ശേഷം എത്തിയ നോർത്ത് പൊലീസ് ഒത്തുതീർപ്പാക്കാനാണ് ശ്രമിച്ചതെന്ന് കുടുംബം ആരോപിച്ചു. എന്നാൽ, ഇതിന് സംഘം വഴങ്ങാതെ വന്നതോടെയാണ് പരാതി സ്വീകരിക്കാൻ തയാറായത്. രാത്രി ഒമ്പതോടെ പരാതി നൽകിയശേഷം സംഘം മടങ്ങി.