വേമ്പനാട് കായലിൽ സർവിസിന് വിലക്ക്; ഹൗസ്ബോട്ട് മേഖലയിൽ ആശങ്ക
text_fieldsവേമ്പനാട് കായലിൽ സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകൾ
ആലപ്പുഴ: മലിനീകരണ നിയന്ത്രണ സംവിധാനങ്ങളും സർട്ടിഫിക്കറ്റും ഇല്ലാത്ത ഹൗസ്ബോട്ടുകൾ തിങ്കളാഴ്ച മുതൽ വേമ്പനാട് കായലിൽ സർവിസ് നടത്തരുതെന്ന് തുറമുഖ വകുപ്പിന്റെ വിലക്ക്. ഹൗസ്ബോട്ട് മേഖല ആശങ്കയിൽ.
ജനുവരി 20ന് ഹൈകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. വേമ്പനാട് കായലിലെ മലിനീകരണം നിയന്ത്രിക്കുകയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തുറമുഖവകുപ്പ് പരിശോധന കർശനമാക്കുന്നത്.
പുതിയനിർദേശമനുസരിച്ച് അടുക്കളയിൽനിന്ന് പുറന്തള്ളുന്ന വെള്ളംപോലും കായലിൽ വീഴാൻ പാടില്ല. ഈ വെള്ളം ടാങ്കിൽ ശേഖരിച്ച് ശുദ്ധീകരിച്ചുവേണം കായലിലേക്ക് ഒഴുക്കാൻ.
നിലവിൽ ഒരുബോട്ടിൽപോലും ഈ സംവിധാനമില്ല. ഇത് സജ്ജീകരിക്കാൻ ചുരുങ്ങിയത് 1,75,000 രൂപ ചെലവുവരും. ഇതിനൊപ്പം സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് വസ്തുക്കൾ, ആഹാര അവശിഷ്ടങ്ങൾ എന്നിവയും കായലിൽ ഉപേക്ഷിക്കാനാവില്ല.
വേമ്പനാട് കായലിൽ സർവിസ് നടത്തരുതെന്ന് കർശന നിർദേശമുണ്ടെങ്കിലും എല്ലാ ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര മലിനീകരണനിയന്ത്രണ സംവിധാനം ജില്ലയിലില്ല. ശുചിമുറി മാലിന്യം സംസ്കരിക്കാൻ തന്നെ വേണ്ടത്ര സംവിധാനമില്ലാത്തതാണ് പ്രധാനപ്രശ്നം. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനുശേഷം മതിയായ സംവിധാനമില്ലാതെ ഹൗസ്ബോട്ടുകൾ കായലിൽ സർവിസ് നടത്തരുതെന്നാണ് ഉത്തരവ്. എന്നാൽ, അടിസ്ഥാന സൗകര്യമില്ലാതെ ഏങ്ങനെ ഉത്തരവ് പാലിക്കാനാകുമെന്നാണ് ഹൗസ്ബോട്ട് ഉടമകൾ പറയുന്നത്.
നിലവിൽ ശുചിമുറി മാലിന്യം സംസ്കരിക്കാൻ ജില്ലയിൽ പ്ലാന്റ് ഇല്ല. ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആർ. ബ്ലോക്കിൽ വാങ്ങി നൽകിയ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) പ്രളയത്തിൽ കേടായി. പിന്നീട് ഇതുവരെ ശരിയാക്കിയിട്ടില്ല. ചേർത്തല നഗരസഭയുടെ നേതൃത്വത്തിൽ ആനത്തറവെളിയിൽ ആരംഭിച്ച ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി.
ശുചിമുറി മാലിന്യ സംസ്കരിക്കാൻ ജില്ലയിലെ ആരംഭിച്ച ഏകപ്ലാന്റാണിത്. 7.5 കോടി രൂപ മുടക്കിലാണ് സംസ്ഥാനസർക്കാർ റീബിൽഡ് കേരള പദ്ധതിയിൽപെടുത്തിയ പ്ലാന്റ് പ്രവർത്തനം തുടങ്ങി മൂന്നുമാസത്തിനുള്ളിൽ തന്നെ പ്രവർത്തനരഹിതമായി. ഇതോടെ, ഹൗസ്ബോട്ടുകളിൽ നിന്നുള്ള മാലിന്യം ലോറികളിൽ ശേഖരിച്ച് എറണാകുളം ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിലെത്തിച്ചാണ് സംസ്കരിക്കുന്നത്. ചിലർ കുമരകത്തെ പ്ലാന്റിനെയും ആശ്രയിക്കുന്നുണ്ട്.
എന്നാൽ, ഹൗസ്ബോട്ടുകൾക്കും ആവശ്യമുള്ളത്ര എസ്.ടി.പി സൗകര്യം ലഭ്യമല്ല. കോടതി ഉത്തരവ് തിടുക്കത്തിൽ നടപ്പാക്കാൻ വേണ്ടത്ര സംവിധാനമില്ലാത്തതാണ് ഹൗസ്ബോട്ട് മേഖലയെ പ്രതിസന്ധിയിലാക്കുന്നത്. അതിനാൽ ഹൗസ്ബോട്ടുകളിൽ തന്നെ ബയോ ട്രീറ്റ്മെന്റ് നടത്തി പുറന്തള്ളുന്ന വെള്ളം പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കി സർട്ടിഫിക്കറ്റ് നൽകണമെന്നാണ് ഉടമകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

