ആലപ്പുഴ സി.പി.എമ്മിലെ വിഭാഗീയത: സംസ്ഥാന നേതൃത്വം ഇടപെടുന്നു
text_fieldsആലപ്പുഴ: ജില്ലയിലെ സി.പി.എമ്മിലെ കടുത്ത വിഭാഗീയത മുതിർന്ന നേതാക്കളുടെ ശീതസമരത്തിലേക്ക് എത്തിയതോടെ സംസ്ഥാന നേതൃത്വം ഇടപെടുന്നു. നാലിന് നടക്കുന്ന ജില്ല കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും മൂന്നോ നാലോ സംസ്ഥാന നേതാക്കൾ പങ്കെടുക്കും. പിന്നീട്, സംസ്ഥാന െസക്രട്ടറി എം.വി. ഗോവിന്ദൻ കൂടി പങ്കെടുക്കുന്ന യോഗവും ഉണ്ടാകും.
വ്യക്തിപരമായി നേതാക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ സീനിയർ നേതാക്കൾ തമ്മിലുള്ള ശീതസമരവും പുറത്തുവന്നിരിക്കുകയാണ്. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ മണ്ഡലത്തിൽ മാസങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന കൊമ്മാടി പാലം നാട്ടുകാർ മണ്ണിട്ട് മൂടി സ്വയം തുറന്നതിന് പിന്നാലെ മന്ത്രി സജി ചെറിയാന്റെ വാഹനം ഇതിലൂടെ ഓടിച്ചുപോയതാണ് ഒടുവിലത്തെ വിവാദം. അനുബന്ധ റോഡിന്റെ പണിയാണ് ബാക്കിയായതിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘടിച്ച് മണ്ണിട്ടുയർത്തിയ സ്ഥലത്തുകൂടിയാണ് മന്ത്രിയുടെ വാഹനം പോയത്. ഉദ്ഘാടനത്തിന് മുമ്പുള്ള ഈ യാത്ര ചിത്തരഞ്ജനെ കുറച്ചുകാണിക്കാനാണെന്നാണ് ആക്ഷേപം. സജി ചെറിയാന് മൃഗീയഭൂരിപക്ഷമുള്ള നോർത്ത് ഏരിയ കമ്മിറ്റിയംഗമായിരുന്നു നിരോധിത പുകയില ഉൽപന്നക്കടത്ത് കേസിൽ ആരോപണവിധേയനായ എ. ഷാനവാസ്. പാർട്ടിയിൽത്തന്നെ ചിലർ തനിക്കെതിരേ നീങ്ങുന്നുവെന്ന് കാണിച്ച് ഷാനവാസ് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. ഈ സംഭവത്തിൽ പാർട്ടിയിൽ നിന്നുതന്നെ ഇ.ഡിക്ക് പരാതി പോയതും വിവാദമായി. നോർത്ത് ഏരിയ കമ്മിറ്റി പി.പി. ചിത്തരഞ്ജന് പൂർണമായി എതിരാണ്.
അഞ്ച് ഏരിയ കമ്മിറ്റികളിൽ കഴിഞ്ഞ സമ്മേളനകാലത്തുണ്ടായ വിഭാഗീയത അന്വേഷിക്കാൻ ടി.പി. രാമകൃഷ്ണൻ, പി.കെ. ബിജു എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റ് നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിലാകും അവതരിപ്പിക്കുക.
എം.വി. ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ല കമ്മിറ്റിയിൽ ഇതുസംബന്ധിച്ച് ജില്ല നേതാക്കളുടെ അഭിപ്രായംകൂടി തേടിയേക്കും. കുട്ടനാട് ഏരിയ കമ്മിറ്റിക്ക് കീഴിൽ മുന്നൂറോളംപേർ പാർട്ടിയിൽനിന്ന് രാജിവെച്ച സംഭവത്തിൽ അനുരഞ്ജന ശ്രമം വിജയിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ഇടപെടൽ. ലഹരിക്കടത്ത് കേസ്, യുവനേതാവ് എ.പി. സോണയുടെ മൊബൈലിൽ സ്ത്രീകളുടെ അശ്ലീലദൃശ്യങ്ങൾ കണ്ടത്, വിഭാഗീയത വളർത്തുന്നുവെന്നാരോപിച്ച് ജില്ല സെക്രട്ടറി ആർ. നാസറുൾപ്പെടെ നാലു നേതാക്കൾക്കെതിരെ നോർത്ത് ഏരിയ കമ്മിറ്റി പൊളിറ്റ് ബ്യൂറോക്ക് ഉൾപ്പെടെ പരാതി നൽകിയത്, ബംഗളൂരുവിൽ സി.ഐ.ടി.യു. അഖിലേന്ത്യാസമ്മേളനം നടന്നപ്പോൾ പ്രതിനിധിയല്ലാത്ത ഒരു കരാറുകാരനുൾപ്പെടെ അവിടെ ക്യാമ്പ് ചെയ്ത് വിഭാഗീയതക്ക് ചരടുവലിച്ചുവെന്ന ആരോപണം തുടങ്ങി ഒട്ടേറെ വിവാദങ്ങളാണ് പാർട്ടിയിൽ പുകയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

