വിഭാഗീയത: ചിത്തരഞ്ജൻ എം.എൽ.എക്ക് 'പാർട്ടി വിലക്ക്'
text_fieldsആലപ്പുഴ: സി.പി.എം ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റിയിലെ രൂക്ഷ വിഭാഗീയത എം.എൽ.എയെ തഴയുന്നതിന് അവസരമാക്കി പാർട്ടിയിൽ ഒരുവിഭാഗം. പി.പി. ചിത്തരഞ്ജന് എം.എല്‍.എക്ക് പാര്‍ട്ടി പരിപാടികളിലും നഗരസഭ വാര്‍ഡുകളിലെ ശുചിത്വപദവി പ്രഖ്യാപന പരിപാടികളിലും ചില നേതാക്കള്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നതായാണ് ആക്ഷേപം.
ആലപ്പുഴ നോര്‍ത്ത് ഏരിയ സമ്മേളനം വെള്ളിയാഴ്ച സമാപിക്കാനിരിക്കെയാണ് വിഭാഗീയത കടുത്തത്. തുമ്പോളി, കൊമ്മാടി, ആശ്രമം ലോക്കല്‍ കമ്മിറ്റിക്കുകീഴിലെ പരിപാടികളിലാണ് സ്ഥലം എം.എൽ.എയായ ചിത്തരഞ്ജന് അപ്രഖ്യാപിത വിലക്ക്.
നഗരസഭയിലെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ശുചിത്വപ്രഖ്യാപനം നടക്കുകയാണ്. ഈ പരിപാടികളിലും എം.എൽ.എയെ വിളിേക്കണ്ടെന്നാണ് ഒരുവിഭാഗം നേതാക്കള്‍ ചില കൗണ്‍സിലര്‍മാര്‍ക്ക് നൽകിയ നിർദേശം. പവര്‍ ഹൗസ് വാര്‍ഡില്‍ എം.എൽ.എയെ ഒഴിവാക്കി മുന്‍മന്ത്രി ജി. സുധാകരനാണ് സമ്പൂര്‍ണ ശുചിത്വ പ്രഖ്യാപനം നടത്തിയത്.
സി.പി.എം നിയന്ത്രണത്തിലുള്ള ചില അയല്‍ക്കൂട്ടങ്ങളുടെ പരിപാടിയില്‍നിന്ന് എം.എൽ.എയെ ഒഴിവാക്കിയിട്ടുണ്ട്. ഞായറാഴ്ച മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യുന്ന കൊമ്മാടിയിലെ സ്നേഹദീപം അയല്‍ക്കൂട്ടം വാര്‍ഷിക പരിപാടിയിലും ചിത്തരഞ്ജനെ ക്ഷണിച്ചിട്ടില്ല.