ആലപ്പുഴ ബീച്ചിൽ പുതിയ കടൽപാലം നടപടി ഇഴഞ്ഞുതന്നെ
text_fieldsആലപ്പുഴ ബീച്ചിലെ പഴയകടൽപാലം
ആലപ്പുഴ: 160 വർഷം പഴക്കമുള്ള ആലപ്പുഴ ബീച്ചിലെ പഴയകടൽപാലം പുനർജനിക്കുമോ? ആലപ്പുഴക്കാരുടെ ഗൃഹാതുര സ്മരണകൾ ഇരമ്പുന്ന പാലത്തിന് പകരം പുതിയപാലം എന്ന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.നിരവധി പ്രതിസന്ധി മറികടന്ന് പുതിയപാലത്തിന് ജീവൻവെച്ചത് അടുത്തിടെയാണ്. എ.എം. ആരിഫ് എം.പിയുടെ ഇടപെടലിനെത്തുടർന്ന് 15 മാസത്തിനകം പുതിയ കടൽപാലം നിർമിക്കാനായിരുന്നു തീരുമാനം. നിർമാണച്ചുമതലയുള്ള ഇൻങ്കൽ, മുസ്രിസ് പ്രോജക്ട് അധികൃതർ എന്നിവരുമായി ചർച്ച നടത്തി നടപടി വേഗത്തിലാക്കാൻ നിർദേശിച്ചെങ്കിലും ടെൻഡർ പോലും പൂർത്തിയാക്കിയിട്ടില്ല.
ഒരു കമ്പനി മാത്രമാണ് ടെൻഡർ നൽകിയത്. അത് ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് അറിയിരുന്നത്. ഇതിനൊപ്പം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥതലത്തിലെ തട്ടിക്കളിയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.കിഫ്ബി 21 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നൽകിയിട്ട് ഏറെ നാളായി. ഇതിനൊപ്പം സർക്കാറിന്‍റെ സ്പെഷൽ ഓർഡറും ടൂറിസം വകുപ്പ് അംഗീകാരവും തേടി അതിവേഗത്തിൽ പണി നടത്താനുള്ള ആലോചനയും നടക്കുന്നുണ്ട്.
പുതിയകടൽപാലം കപ്പലുകൾ അടുപ്പിച്ച് ചരക്കുകൾ ഇറക്കുന്ന രൂപത്തിലല്ല പണിയുക. യാത്രാബോട്ടുകൾ ഇതുവഴി കൊണ്ടുവരാൻ മാരിടൈം ബോർഡ് ആലോചിക്കുന്നുണ്ട്. ലൈറ്റ്ഹൗസിൽനിന്ന് ബീച്ചിലേക്ക് പോകുന്ന റോഡിന്റെ എതിർവശം പഴയകടൽപാലം അവസാനിക്കുന്ന കരയിൽനിന്ന് 300 മീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമാണ് പുതിയ കടൽപാലം. കരയിൽനിന്ന് പുതിയ പാലത്തിലേക്ക് കയറാൻ 50 മീറ്റർ നീളത്തിൽ ചരിവ് ഉണ്ടാകും. പാലത്തിൽ ടീ ഷോപ്, കുട്ടികൾക്കുള്ള കളിസ്ഥലം, ആളുകൾക്ക് ഇരുന്ന് കടൽ കാണാനുള്ള സൗകര്യം എന്നിവയുണ്ടാകും.
2018ലാണ് പുതിയപാലമെന്ന പ്രഖ്യാപനമുണ്ടായത്. 2020-21സാമ്പത്തിക വർഷത്തിലാണ് പാലം നിർമാണത്തിന്റെ ടെൻഡർ നടപടി ആരംഭിച്ചത്.തുടക്കത്തിൽ 14.26 കോടി ചെലവഴിച്ച് പുതിയപാലം നിർമിക്കാനായിരുന്നു പദ്ധതി. 19 കോടിയാണ് പദ്ധതിക്ക് ആദ്യം അനുവദിച്ചത്. ഇതിന് ടെൻഡർ വിളിച്ചെങ്കിലും കരാറുകാർ എത്തിയില്ല. എൻജിനീയറിങ് പ്രൊക്യുയർമെന്‍റ് കോൺട്രാക്ട് (ഇ.പി.സി) പ്രകാരമായിരുന്നു ടെൻഡർ. കരാറുകാർ തന്നെ ഡിസൈൻ സമർപ്പിച്ച് പ്രവൃത്തി ചെയ്യുന്ന രീതിയാണിത്.
ഈ തുകക്ക് പ്രവൃത്തി ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതോടെയാണ് പദ്ധതി ഇരുളിലായത്. പിന്നീട് റീടെൻഡറിന് വഴിതുറന്ന് നിർമാണസാമഗ്രികളുടെ വിലക്കനുസരിച്ച് ചെലവ് കൂടുന്നതിനാൽ തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.1989 ഒക്ടോബർ 11നാണ് ആലപ്പുഴ തുറമുഖത്ത് അവസാന കപ്പൽ നങ്കൂരമിട്ടത്. പഴയപ്രതാപത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവന്നിട്ടില്ല.
പൈതൃകപദ്ധതിയുടെ ഭാഗമായി വലിയസുരക്ഷ സന്നാഹങ്ങളോടെ എത്തിച്ച നാവികസേനയുടെ 60 ടൺഭാരമുള്ള പഴയയുദ്ധക്കപ്പല്‍ (ഫാസ്റ്റ് അറ്റാക് ക്രാഫ്റ്റ് (ഇന്‍ഫാക് ടി-81) കടപ്പുറത്തെ പ്രത്യേക പ്ലാറ്റ്ഫോമിലാണ് സ്ഥാപിച്ചിട്ടുള്ളത്. ദിനംപ്രതി കാഴ്ചക്കാർ ഏറെ എത്തുന്നുണ്ടെങ്കിലും കപ്പൽ സംരക്ഷിക്കുന്നതിനുള്ള നടപടിയും എങ്ങുമെത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

