ആലപ്പുഴ: എസ്.ഡി കോളജ് അധ്യാപകരും ഗവേഷകരുമായ ഡോ. ജി. നാഗേന്ദ്ര പ്രഭു, ഡോ. ശ്രീകാന്ത് ജെ. വർമ എന്നിവർ ഗവേഷകർക്കുള്ള ലോകറാങ്കിങ്ങിൽ ഇടം നേടി.
കഴിഞ്ഞയാഴ്ച പുറത്തുവിട്ട ആൽപർ- ഡോജർ ശാസ്ത്രീയ ഇൻഡക്സ് പട്ടികയിലാണ് ഇവർ ഉൾപ്പെട്ടത്. 190 രാജ്യങ്ങളിലെ 11,591 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ ലാബുകൾ എന്നിവിടങ്ങളിലെ ഏഴുലക്ഷത്തിൽപരം ശാസ്ത്രജ്ഞർ ഉൾപ്പെട്ടതാണ് ഈ പട്ടിക.
അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ എണ്ണം, ഗുണനിലവാരം, സൈറ്റേഷൻ ഇൻഡക്സ്, ഐ ടെൻ (i 10) ഇൻഡക്സ്, ഹെർഷ് ഇൻഡക്സ് തുടങ്ങിയ ഒമ്പതിലധികം അളവുകോലുകളെ അടിസ്ഥാനമാക്കി ഗവേഷകരുടെ മികവ് അളക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഈ റാങ്കിങ്.
ജന്തുശാസ്ത്ര പഠന-ഗവേഷണ വിഭാഗം അസോസിയേറ്റ് പ്രഫസറും ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യ ഗവേഷകനുമാണ് ഡോ. പ്രഭു. കുളവാഴ വ്യാപനം പഠിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗവേഷണ പദ്ധതിയിൽ പങ്കാളിയാണ്. ഭൗതികശാസ്ത്ര പഠന-ഗവേഷണ വിഭാഗം അസി. പ്രഫസറായ ഡോ. ശ്രീകാന്ത് സോളാർ സെല്ലുകൾ, എൽ.ഇ.ഡി, പാരമ്പര്യേതര ഊർജ സംഭരണ സങ്കേതങ്ങൾ എന്നിവയിലാണ് ഗവേഷണം നടത്തുന്നത്. അമേരിക്കയിലെ േഫ്ലാറിഡ സെൻട്രൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയിട്ടുണ്ട്. കേരള സർവകലാശാലയിലെ അംഗീകൃത ഗവേഷക ഗൈഡുകളുമാണ് ഇരുവരും.