സ്കൂൾ മേൽക്കൂര തകർന്ന സംഭവം; സുരക്ഷക്ക് വില കൽപിക്കാതെ അധികൃതർ; പഴിചാരി രാഷ്ട്രീയ പാർട്ടികൾ
text_fieldsഹരിപ്പാട്: കാറ്റിലും മഴയിലും കാർത്തികപ്പള്ളി ഗവ. യു.പി സ്കൂളിന്റെ മേൽക്കൂര തകർന്നത് അവധി ദിനത്തിലായതിന്റെ ആശ്വാസത്തിൽ നാട്ടുകാർ. സ്കൂളുകളിലെ സുരക്ഷ കാര്യത്തിൽ അധികാരികൾ കാട്ടുന്ന അനാസ്ഥ ചർച്ചാവിഷയമാകുന്നു. സമീപകാല സംഭവങ്ങളിൽനിന്നൊന്നും പാഠം പഠിച്ചിട്ടില്ല എന്നതിന്റെ തെളിവുകൂടിയാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആയിരത്തോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്. അസൗകര്യങ്ങൾക്ക് നടുവിലാണ് സ്കൂൾ. 200 വർഷം പഴക്കമുള്ള കെട്ടിടം ജീർണാവസ്ഥയിലായതോടെ കെട്ടിടത്തിന് ഫിറ്റ്നസ് ലഭിക്കാതെ വരുകയും തുടർന്ന് ഓഡിറ്റോറിയത്തിൽ താൽക്കാലിക സൗകര്യങ്ങൾ ഒരുക്കിയാണ് ക്ലാസ് നടത്തിവന്നിരുന്നത്. പ്രശ്നപരിഹാരത്തിനായി രണ്ടുകോടി രൂപ ചെലവഴിച്ച് 14 ക്ലാസ് മുറികൾ ഉള്ള കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ട് രണ്ടുമാസമായെങ്കിലും വൈദ്യുതീകരണത്തിന്റെ പേരിൽ അടഞ്ഞുകിടക്കുകയാണ്. താൽക്കാലിക സംവിധാനങ്ങളിൽ കുട്ടികൾ ദുരിതം അനുഭവിക്കുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി കുട്ടികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള നടപടികൾ ആരും കൈക്കൊണ്ടില്ല.
അപകടം ഉണ്ടായതിനെ തുടർന്നു നടപടികൾ ഇനി വേഗത്തിൽ ആകുമെന്ന് പ്രതീക്ഷിക്കാം. അസൗകര്യങ്ങൾ കൊണ്ടാണ് ഫിറ്റ്നസ് കിട്ടാത്ത കെട്ടിടത്തിൽ ഓഫിസ് റൂം പ്രവർത്തിപ്പിക്കേണ്ടി വന്നതെന്ന് അധ്യാപകർ സമ്മതിക്കുന്നു. സ്കൂളിന്റെ പൂമുഖമായി നിലകൊള്ളുന്ന കെട്ടിടത്തിന്റെ വരാന്തയാണ് ഞായറാഴ്ച രാവിലെ തകർന്നുവീണത്. ഉച്ചയോടെയാണ് സംഭവം നാട്ടുകാർ അറിയുന്നത്. ഇതിനിടെ കെട്ടിടത്തിലെ ക്ലാസ് മുറികളിൽ നിന്നും ബെഞ്ചും ഡസ്കും ആരൊക്കെയോ നീക്കംചെയ്തു. ക്ലാസുകൾ ഇവിടെ നടന്നിട്ടില്ലെന്ന് വരുത്തിതീർക്കാനുള്ള ശ്രമമായിരുന്നു അത്. മൂന്നുദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നതായി വിദ്യാർഥികൾ പറഞ്ഞു.
സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നും സുരക്ഷ മാനിക്കാതെയുള്ള നടപടി പ്രതിഷേധത്തിന് ഇടയാക്കി. പ്രവൃത്തി ദിവസമാണ് അപകടം നടക്കുന്നതെങ്കിൽ പ്രശ്നം മറ്റൊരു ദുരന്തമായി മാറുമായിരുന്നു. സംഭവത്തെ തുടർന്ന് വലിയ സംഘർഷങ്ങൾ അരങ്ങേറി. ബി.ജെ.പിയാണ് പ്രതിഷേധവുമായി ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ഇവിടെയെത്തിയ കോൺഗ്രസുകാരുടെ നേരെ ഇവർ പ്രതിഷേധമുയർത്തി.
ചിങ്ങോലി പ ഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസാണ്. ഭരണസമിതിയുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസ് ഇടപെട്ട് സംഘർഷം ഒഴിവാകുകയായിരുന്നു. അറ്റകുറ്റപ്പണിക്ക് മതിയായ ഫണ്ട് അനുവദിക്കാത്തതാണ് പ്രശ്നത്തിന്റെ കാരണമെന്ന് ആരോപിച്ച് വിദ്യാഭ്യാസ വകുപ്പിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് പ്രതിഷേധം നടത്തുകയും വിദ്യാഭ്യാസ മന്ത്രിയുടെ പോസ്റ്റർ കത്തിക്കുകയും ചെയ്തു. ഇത് സി.പി.എം പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇത് മണിക്കൂറുകളോളം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. സ്കൂൾ മേൽക്കൂര തകർന്ന സംഭവം; സുരക്ഷക്ക് വില കൽപിക്കാതെ അധികൃതർ; പഴിചാരി രാഷ്ട്രീയ പാർട്ടികൾ
കെട്ടിടം പണിതിട്ടും അതിന് ഫിറ്റ്നസ് നടപടികൾ വൈകുന്നതും ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കാത്തതും പഞ്ചായത്തിന്റെയും രമേശ് ചെന്നിത്തല എം.എൽ.എയുടെയും വീഴ്ചയാണെന്ന് സി.പി.എമ്മുകാർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

