സ്കൂൾ തുറക്കൽ മുന്നൊരുക്കം; പാഠം ഒന്ന് സുരക്ഷ
text_fieldsആലപ്പുഴ കലവൂർ ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന സ്കൂൾ പ്രവേശനോത്സവ സ്വാഗതസംഘം രൂപവത്കരണ യോഗം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ: പുതിയ അധ്യയനവർഷത്തിൽ സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് വിവിധങ്ങളായ മുന്നൊരുക്കം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ രണ്ടിന് ആലപ്പുഴയിൽ നടക്കും.
രാവിലെ 9.30ന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അന്നേദിവസം എല്ലാ സ്കൂളിലും സംസ്ഥാനതല ഉദ്ഘാടനത്തിന്റെ പ്രക്ഷേപണം തത്സമയമുണ്ടാകും. ഇതിനുശേഷം ജില്ലകളിൽ സ്കൂൾതല പ്രവേശനോത്സവവും ജില്ലതല പ്രവേശനോത്സവവും നടത്തും.
സ്കൂളുകളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. ക്ലാസ് പ്രവർത്തനസമയം ആവശ്യമില്ലാത്ത ആരും സ്കൂളിൽ പ്രവേശിക്കരുത്. ആവശ്യമെന്ന് കണ്ടാൽ അധ്യാപകരുടെ സാന്നിധ്യത്തിൽ കുട്ടിയുടെ ബാഗ് പരിശോധിക്കാം. കുട്ടികളുടെ സുരക്ഷയെ മുൻനിർത്തി സ്കൂൾ കെട്ടിടത്തിന്റെ ഫിറ്റ്നസ് നിർബന്ധമാണ്. ഇതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിൽനിന്ന് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ക്ലാസുകൾ നടത്താൻ കഴിയൂ. സ്കൂൾ പരിസരം വൃത്തിയാക്കി അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കണം.
വ്യത്യസ്ത പഠനാനുഭവങ്ങൾ കുട്ടികൾക്ക് നൽകാൻ ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠനവിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണം. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണനയുണ്ടാകും.സ്കൂളുകളുടെ അറ്റകുറ്റപ്പണി ഈമാസം 27നകം പൂർത്തിയാക്കണം. പെയന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കണം.
വീട്ടിൽനിന്ന് സ്കൂളിലേക്കും തിരിച്ചും കുട്ടികള്‍ സഞ്ചരിക്കുമ്പോള്‍ ഉണ്ടാവേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങള്‍, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കുട്ടികളുടെ സുരക്ഷ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ സ്കൂൾതലത്തിൽ അവലോകനം നടത്തി വേണ്ടത്ര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കപ്പെടുമെന്ന് ഉറപ്പുവരുത്തണം. പി.ടി.എ പ്രസിഡന്റിന്റെ കാലാവധി മൂന്നുവർഷമാക്കി. പി.ടി.എ കമ്മിറ്റികളുടെ പ്രസിഡന്റായി ഒരാൾക്ക് തുടരാനുള്ള തുടർച്ചയായ കാലാവധി സംബന്ധിച്ച് തർക്കങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്.
പരിസരം വൃത്തിയാവണം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കണം. പി.ടി.എ, തദ്ദേശ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, പൂർവ വിദ്യാർഥി സംഘടന തുടങ്ങിയ ജനകീയഘടകങ്ങളെ മുൻനിർത്തി ക്ലാസ് മുറികളും സ്കൂളും പരിസരവും വൃത്തിയാക്കാൻ മുൻകൈയെടുക്കണം.
ക്ലാസ് മുറികൾ, ശുചിമുറികൾ, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ, സ്കൂൾ ശുചീകരണം, മഴക്കാലപൂർവ ശുചീകരണം എന്നിവ സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, റെസിഡന്റ്സ് അസോസിയേഷനുകൾ, അധ്യാപക-വിദ്യാർഥി-ബഹുജന സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ നടത്തണം. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ അണുമുക്തമാക്കണം. കുടിവെള്ള സാമ്പിൾ ലബോറട്ടറി പരിശോധനക്ക് വിധേയമാക്കണം.
പാചകത്തിന് ഹെൽത്ത് കാർഡ്
സ്കൂളിൽ ഉച്ചഭക്ഷണം തയാറാക്കുന്ന പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധം. സ്കൂൾ അടുക്കള, പാചകം ചെയ്യുന്ന പാത്രങ്ങൾ തുടങ്ങിയവ നിർബന്ധമായും ശുചീകരിച്ച് അണുമുക്തമാക്കണം. കാലാവധി കഴിഞ്ഞ ഭക്ഷണ വസ്തുക്കൾ ഉൾപ്പെടെ ഉപയോഗിക്കുന്നില്ലെന്ന് പ്രധാനാധ്യാപകൻ ഉറപ്പുവരുത്തണം. സ്കൂൾ തുറക്കുന്ന ദിവസം ഉച്ചഭക്ഷണ വിതരണം നടത്തണം.
യാത്രാസുരക്ഷ ഉറപ്പാക്കണം
സ്കൂൾ ബസുകളിൽ കയറ്റാവുന്ന കുട്ടികളുടെ എണ്ണം, വാഹനത്തിന്റെ ഫിറ്റ്നസ് തുടങ്ങിയവ സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് നിഷ്കർഷിച്ച മാനദണ്ഡങ്ങൾ പാലിക്കണം. കൂടാതെ ഓട്ടോ, ടാക്സി, വാൻ, പ്രൈവറ്റ് ബസ് എന്നിവയിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച് യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ അസോസിയേഷനുമായി ബന്ധപ്പെട്ട് ചർച്ച നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം.
ബസിന്റെ ചവിട്ടുപടിയിൽ നിന്ന് കുട്ടികൾ യാത്ര ചെയ്യുന്നുണ്ടെങ്കിൽ അത് ശ്രദ്ധയിൽപെടുത്തി തുടർനടപടിയെടുക്കണം. കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട സ്റ്റേഷനിൽനിന്ന് വാങ്ങണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

