സ്‌കൂൾ ബസ് പരിശോധന; അനധികൃത വാഹനങ്ങൾ ഉപയോഗിച്ചാൽ പിടിവീഴും
text_fieldsമോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ സ്കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നു
ആലപ്പുഴ: അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കെ മോട്ടോർ വാഹന വകുപ്പ് സ്‌കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധന പൂർത്തിയാക്കി. അനധികൃത വാഹനങ്ങൾ സ്കൂള്‍ ബസായി ഉപയോഗിച്ചാൽ നടപടി സ്വീകരിക്കും. രണ്ടുദിവസങ്ങളിലായി മോട്ടോര്‍വാഹന വകുപ്പ് 200ഓളം വാഹനങ്ങൾ പരിശോധിച്ചു. ഇതിൽ 139 വാഹനങ്ങൾ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി സ്റ്റിക്കർ പതിപ്പിച്ചു. ആദ്യദിനം 98 എണ്ണവും ബുധനാഴ്ച 96 വാഹനങ്ങളുടെ പരിശോധനയും നടന്നു.
ആലപ്പുഴ ബീച്ച് റോഡിലാണ് വാഹനങ്ങൾ ഓടിച്ച് പരിശോധന നടത്തിയത്. പരിശോധന പൂർത്തിയാക്കാത്ത വാഹനങ്ങൾക്ക് നോട്ടീസ് നൽകി തിരിച്ചയച്ചു. പോരയ്മകൾ പരിഹരിച്ച ശേഷം വീണ്ടും ഇവ പരിശോധിക്കും. സാധാരണ ഫിറ്റ്‌നസ് പരിശോധനയ്‌ക്ക് പുറമെ ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ, വാതിലുകളുടെ പൂട്ട്, ഷട്ടറുകൾ തുടങ്ങിയവയും പരിശോധിച്ചു. ജി.പി.എസും വേഗനിയന്ത്രണ സംവിധാനവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കി. ഡ്രൈവർമാർക്കും ബസ് ജീവനക്കാർക്കും 23ന് ക്ലാസുകൾ നൽകും.
സ്കൂൾ തുറന്ന ശേഷവും പരിശോധന തുടരും. വാഹനങ്ങളുടെ രണ്ടാംഘട്ട പരിശോധന ജോയിന്റ് ആര്‍.ടി.ഒ വിനോദ് കുമാറിന്റെ നിർദേശാനുസരണം എം.വി.ഐമാരായ വൈ. ജയചന്ദ്രൻ, എസ്. സുനിൽ, എ.എം.വി.ഐമാരായ സിജു ജോസഫ്, എസ് .ശ്രീറാം, ജോബിൻ എം. ജേക്കബ്, സി. ചന്ദ്രലാൽ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

