അരൂർ : കാൽ നൂറ്റാണ്ട് പിന്നിടുന്ന ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല തുറവൂർ പ്രാദേശിക കേന്ദ്രം ഇന്നും അവഗണനയുടെ പട്ടികയിൽ. സ്വന്തമായി കെട്ടിടമോ മറ്റു സൗകര്യങ്ങളോ ഇല്ലാതെ ചോർന്നൊലിക്കുന്ന തുറവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്.
1995 ജൂലൈയിൽ ആണ് തുറവൂർ കലാരംഗം ഓഡിറ്റോറിയം കെട്ടിടത്തിൽ കോളജ് തുടങ്ങിയത്. പിന്നീട് തുറവൂർ പഞ്ചായത്തിൈന്‍റ ഉടമസ്ഥതയിലുള്ള പഞ്ചായത്ത് എൽപി സ്കൂളിനോട് ചേർന്നുള്ള എൻപി തണ്ടാർ സ്മാരക കെട്ടിടത്തിലേക്ക് മാറ്റി. ദേശീയപാതയോടു ചേർന്നുള്ള കെട്ടിടമാണിത്. അതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത് ഏറെ പ്രയോജനമായി. കാൽ നൂറ്റാണ്ടിനിടയ്ക്ക് എംപി, എംഎൽഎ, മന്ത്രിമാരടക്കം സ്ഥലം കണ്ടെത്തുമെന്നു പ്രഖ്യാപിച്ചെങ്കിലും അതും നടപ്പായില്ല. അധികൃതരുടെ അനാസ്ഥ മൂലം കണ്ടെത്തിയ സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയരുന്നു.
യു.ജി.സി എ ഗ്രേഡുള്ള കോളജാണിത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കോളജിനു കൈമാറുകയാണെങ്കിൽ പണം മുടക്കി കെട്ടിടങ്ങൾ നിർമിക്കാൻ സർവകലാശാല അധികൃതർ തയാറാണ്. നിലവിൽ എംഎ മലയാളം, എംഎ സംസ്കൃതം, എംഎസ് ഡബ്ലിയു,ബിഎ എന്നീ കോഴ്സുകളിലായി 240 വിദ്യാർഥികൾ പഠിക്കുന്നു. കാലടിയിലെ പ്രധാന കേന്ദ്രം കഴിഞ്ഞാൽ സംസ്കൃതം വിഷയത്തിൽ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന സ്ഥാപനമാണിതെന്നു ക്യാംപസ് ഡയറക്ടർ ബിച്ചു എക്സ്.മലയിൽ പറഞ്ഞു. മികച്ച ലൈബ്രറി, ശ്രീ ശങ്കരാചാര്യ കംപ്യൂട്ടർ ലാബ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ സ്ഥലം ഇല്ലാത്തത് തൃശൂർ,തറവൂർ എന്നീ കേന്ദ്രങ്ങളാണ്. തൃശൂരിൽ ഇത്തവണ കോഴ്സുകളൊന്നും അനുവദിച്ചിട്ടില്ല. ഇവിടെ ഉണ്ടായിരുന്ന അധ്യാപകരെ കാലടി പ്രധാന കേന്ദ്രത്തിലേക്ക് മാറ്റി എന്നാണ് അറിയുന്നത്. ഇവിടെയും അതു തുടരാനാണ് സാധ്യത.