ഓണാട്ടുകരയിൽ മണൽ കടത്ത് ശക്തം; പൊലീസ് കണ്ണടക്കുന്നു
text_fieldsകായംകുളം: മാസപ്പടിയുടെ പിൻബലത്തിലുള്ള മണൽകടത്തിലൂടെ ഓണാട്ടുകരയുടെ ഭൂമിശാസ്ത്ര ഘടന തകർച്ചയിലേക്ക്. നാടിന്റെ പാരിസ്ഥിതിക ഘടനയെ സംരക്ഷിച്ചിരുന്ന കുന്നുകൾ വ്യാപകമായ തോതിലാണ് ഇടിച്ചുനിരത്തി കടത്തുന്നത്.
ദേശീയപാത നിർമാണത്തിന് ക്രമത്തിലധികമായി കുഴിക്കാൻ മണ്ണ് മാഫിയ കളത്തിൽ ഇറങ്ങിയതോടെ ഗുരുതര സാമൂഹിക പ്രശ്നങ്ങളും നാട് നേരിടുന്നു. ഇരുളിന്റെ മറവിലുള്ള മണൽ കടത്തിന് ഒപ്പം ജിയോളജി വകുപ്പ് നൽകുന്ന അനുമതി കടത്തും സജീവമാണ്. വള്ളികുന്നം, കുറത്തികാട്, നൂറനാട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് മണൽ കടത്ത് വ്യാപകം. വള്ളികുന്നം, താമരക്കുളം, പാലമേൽ, നൂറനാട്, ചുനക്കര, തെക്കേക്കര തുടങ്ങിയ പഞ്ചായത്തുകളാണ് മണ്ണ് മാഫിയകളുടെ പ്രധാന കേന്ദ്രം.
പ്രദേശത്ത് ശാസ്ത്രീയ പഠനങ്ങൾക്ക് തയാറാകാതെയാണ് ജിയോളജി വിഭാഗം മണൽ കടത്തിന് അനുമതി നൽകുന്നതെന്നതാണ് ആക്ഷേപം. പഠനം നടത്താതെ പാലമേലിൽ കുന്നുകൾ തുരന്ന് മണൽ കടത്താൻ അനുമതി നൽകിയത് വിവാദമായി മാറുകയാണ്.
വിഷയത്തിൽ ജനകീയ പ്രതിഷേധം ഉയർന്നതോടെ കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാനും ജിയോളജിക്കാരുടെ അനുമതിയാണ് മണ്ണ് മാഫിയക്ക് സഹായകമായത്. ഇതോടൊപ്പം പൊലീസ്-റവന്യൂ വിഭാഗങ്ങളുടെ ഒത്താശയോടെയുള്ള മണൽ കടത്തും സജീവമാണ്. കൃത്യമായ മാസപ്പടിയുടെ പിൻബലത്തിലാണ് പൊലീസ്-റവന്യൂ വിഭാഗങ്ങൾ ഇവർക്ക് സഹായം നൽകുന്നത്. രാത്രിയാണ് അനധികൃത ഖനനം നടക്കുന്നത്. ഇതുകാരണം റവന്യൂ വിഭാഗം അറിഞ്ഞതായി നടിക്കാറില്ല.
പകൽ ഓഫിസുകളിൽ എത്തി ഫയൽ തുറക്കുന്നതിന് മുമ്പ് അത്യാധുനിക യന്ത്ര സൗകര്യങ്ങളോടെ ഏക്കറുകണക്കിന് ഭൂമി ഇവർ ഉഴുതുമറിച്ചിരിക്കും. നൂറുകണക്കിന് ലോറികളാണ് അർധരാത്രിയിൽ മണ്ണുമായി പായുന്നത്. പട്രോളിങ് വഴികൾ മാറ്റിപ്പിടിച്ച് പൊലീസും ഇവർക്ക് സുഗമപാത ഒരുക്കുകയാണ് പതിവ്. മണൽ കടത്തിന്റെ തണലിൽ തടിച്ചുകൊഴുത്ത പൊലീസ് ഉദ്യോഗസ്ഥർ നിരവധിയാണ്. ഇതാണ് മണ്ണ് മാഫിയകളോടുള്ള ഇവരുടെ കൂറിന് കാരണവും. പാലമേലിൽ മണ്ണ് മാഫിയകൾക്ക് എതിരെ രംഗത്തുവന്ന ഭരണകക്ഷി നേതാക്കളെയും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെയും കായികമായി കൈകാര്യം ചെയ്യാൻ ബലംനൽകിയതും മണ്ണ് മാഫിയ-പൊലീസ് കൂട്ടുകെട്ടിന് തെളിവായി ജനം ഉയർത്തിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

