മൂന്ന് മാസമായി ശമ്പളമില്ലാതെ ‘സാഗർമിത്ര’ജീവനക്കാർ
text_fieldsആലപ്പുഴ: സർക്കാറുമായി കടൽ മത്സ്യത്തൊഴിലാളികളെ ബന്ധിപ്പിക്കുന്ന ജോലിചെയ്യുന്ന ‘സാഗർമിത്ര’ക്കാർക്ക് മൂന്നുമാസമായി ശമ്പളമില്ല.2020 നവംബറിൽ സംസ്ഥാനത്തെ 222 മത്സ്യഗ്രാമങ്ങളിൽ ആറുമാസം വീതം കരാർ വ്യവസ്ഥയിലാണ് ‘സാഗർമിത്ര’യായി നിയമിക്കപ്പെട്ടത്. പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് എന്നായിരുന്നു വ്യവസ്ഥ. പ്രധാനമന്ത്രി മത്സ്യ സമ്പാദക യോജന പദ്ധതിക്ക് കീഴിലായതിനാൽ ശമ്പളത്തിന്റെ പകുതി കേന്ദ്രസർക്കാറും പകുതി സംസ്ഥാന സർക്കാറും നൽകും. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതെങ്കിലും ബിരുദമോ അതിൽ കൂടുതലോ യോഗ്യത നേടിയവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സമാശ്വാസ, പെൻഷൻ പദ്ധതികളിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്താൻ അവരെ സഹായിക്കുക, സർക്കാറുകളുടെ വിവിധ പദ്ധതികൾ സംബന്ധിച്ച് ബോധവത്കരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാനായിരുന്നു നിർദേശം. എന്നാൽ, ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ മത്സ്യഭവനുകളിലെ ഏതാണ്ട് എല്ലാ ജോലികളും ഇവർ ചെയ്യേണ്ട സ്ഥിതിയാണ്.
മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും സന്ദർശനം നടത്തി തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ ഡേറ്റ അതത് ദിവസം തിരുവനന്തപുരത്ത് അറിയിക്കണം. സർക്കാർ പ്രഖ്യാപിച്ച തീരസദസ്സ് സംഘടിപ്പിക്കുന്നതിന്റെ ചുമതലയും ഇവർക്കാണ്. ഓഫിസിൽ തീരാത്ത ജോലികൾ വീടുകളിൽ ചെന്ന് ഉറങ്ങാതിരുന്നു ചെയ്തു തീർക്കുകയാണിവർ. ഇവരിൽ അധികംപേരും കുടുംബമായി കഴിയുന്ന വനിതകളാണ്.ശമ്പളം കൃത്യമായി നൽകാതിരിക്കുകയും അധികജോലി അടിച്ചേൽപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരുപതോളം പേർ ജോലി ഉപേക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

