ബോട്ട് സഞ്ചാരികളുടെ സുരക്ഷ: ആലപ്പുഴയിൽ മാർഗനിർദേശങ്ങൾ കർശനമാക്കി
text_fieldsആലപ്പുഴ: ജില്ലയിലെ ബോട്ട് സഞ്ചാരികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ കർശനമാക്കാൻ കലക്ടറേറ്റിൽ കലക്ടർ ഹരിത വി. കുമാറിന്റെ അധ്യക്ഷതയിൽ ബോട്ട് ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം തീരുമാനിച്ചു. ബോട്ടിന്റെ നിർമാണ തീയതി, ലൈസൻസ് ലഭിച്ച തീയതി, ബോട്ടിൽ ഉൾക്കൊള്ളിക്കാൻ കഴിയുന്ന പരമാവധി ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ യാത്രക്കാർക്ക് കാണുന്ന രീതിയിൽ ബോട്ടിൽ പ്രദർശിപ്പിക്കണമെന്ന് കലക്ടർ നിർദേശിച്ചു. ഓരോ ബോട്ടുകളിലും നിഷ്കർഷിച്ച എണ്ണത്തിലുള്ള യാത്രക്കാർ മാത്രമേ കയറുന്നുള്ളൂവെന്നും നിയമം പാലിച്ചാണ് സർവിസ് നടത്തുന്നതെന്നും ഉറപ്പുവരുത്തണം.
ഇതിനായി പൊലീസ്, ഡി.ടി.പി.സി, ടൂറിസം വകുപ്പ് എന്നിവർ സ്ക്വാഡുകൾ രൂപവത്കരിച്ച് പരിശോധന നടത്താൻ നിർദേശം നൽകി.യാത്രചെയ്യുന്ന മുഴുവൻ ആളുകളുടെയും പേരും വിലാസവും രേഖപ്പെടുത്തിയ രജിസ്റ്റർ ബോട്ടുടമ സൂക്ഷിക്കണം. ബോട്ടിൽ കയറുന്ന യാത്രക്കാർക്ക് യാത്ര തുടങ്ങുന്നതിനു മുമ്പ് സുരക്ഷ മുന്നറിയിപ്പുകളും നിർദേശങ്ങളും നിർബന്ധമായി നൽകണം.
യാത്ര തുടങ്ങുന്നതിന് മുന്നോടിയായി എല്ലാവരും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിക്കണം. എല്ലാ ബോട്ടിലും ആവശ്യമായ ലൈഫ് ബോയകൾ സജ്ജമാക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബോട്ടുകൾ സർവിസ് നടത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ പോർട്ട് ഓഫിസർക്കും നിർദേശം നൽകി. ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, സബ് കലക്ടർ സൂരജ് ഷാജി, പോർട്ട്- ടൂറിസം വകുപ്പ് പ്രതിനിധികൾ, ബോട്ടുടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

