മോഷണം; അന്തർസംസ്ഥാന ആറംഗ സംഘം പിടിയിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
മുഹമ്മ: ആൾതാമസം ഇല്ലാത്ത വീടുകളും ചെറിയ കുടുംബ ക്ഷേത്രങ്ങളും കാവുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന അന്തർ സംസ്ഥാന തൊഴിലാളികളായ ആറംഗ സംഘത്തെ മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മ, തണ്ണീർമുക്കം ഭാഗങ്ങളിലെ വീടുകളിൽ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്.
ഡൽഹി തൈമൂർ നഗർ ന്യൂ ഫ്രണ്ട്സ് കോളനി ഐ.ജി ക്യാമ്പ് ഹൗസ് നമ്പർ 124 ൽ മുഹമ്മദ് ഫാറൂഖ്(45), ന്യൂ ഫ്രണ്ട്സ് കോളനി ബി-24ൽ മുഹമ്മദ് അഖിൽ(36),തൈമൂർ നഗർ ഐ.ജി ക്യാമ്പ് -2 സബാൻ(36), കൊൽക്കത്ത ഗള്ളി ബാരായിപുർ റോബിയുൾ (20), ഐ.ജി ക്യാമ്പ് എസ്-73ൽ ബിസ്മില്ല (27), പശ്ചിമബംഗാൾ നാഡിയ ജില്ലയിൽ ഗോപിനാഥ്പുർ വീട്ടിൽ ബഹദൂർ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തണ്ണീർമുക്കം പഞ്ചായത്ത് 12ാം വാർഡ് തോപ്പിൽ ബാബുവിന്റെ വീട്ടിൽ നിന്ന് നിലവിളക്കുകളും ചെമ്പ് കലവും ഉരുളികളും ആയുർവേദ ചികിത്സക്ക് ഉപയോഗിക്കുന്ന വസ്തിക്കുഴലും മോഷ്ടിച്ച കേസിലും മുഹമ്മ ജങ്ഷന് സമീപം പുളിക്കൽ ആശ ദിനേശിന്റെ വീട്ടിൽനിന്ന് നിലവിളക്കുകളും ഉരുളികളും കിണ്ടിയും മോഷ്ടിച്ച കേസിലുമാണ് അറസ്റ്റ്. രണ്ട് വീടുകളിലും ആളില്ലാതിരുന്ന സമയത്ത് ജനൽ കമ്പി തകർത്ത് അകത്തുകയറിയാണ് മോഷണം നടത്തിയത്.
മണ്ണഞ്ചേരി പെരുമനയിൽ വീട് വാടകക്കെടുത്ത് താമസിച്ചാണ് ഇവർ മോഷണം നടത്തിയിരുന്നത്. പ്രതികളിൽ ഒരാളായ റോബിയുളിനെതിരെ ചേർത്തല പൊലീസ് സ്റ്റേഷനിൽ സമാന കേസുണ്ട്. മുഹമ്മദ് അഖിൽ മാരാരിക്കുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീട് ആക്രമിച്ച കേസിലെ പ്രതിയാണ്. ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

