ആലപ്പുഴയിലെ റോഡുകൾ തകർന്നു; കരാറുകാർക്കെതിരെ കൗൺസിലിൽ വിമർശനം
text_fieldsആലപ്പുഴ: നഗരത്തിൽ തകർന്ന റോഡുകൾ പുനർനിർമിക്കാത്ത കരാറുകാർക്കെതിരെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ രൂക്ഷ വിമർശനം. വ്യാഴാഴ്ച ചേർന്ന കൗൺസിൽ യോഗത്തിലാണ് വിമർശനമുയർന്നത്. ഏറ്റെടുത്തിട്ടും നിർമാണം പൂർത്തിയാക്കാത്ത കരാറുകാരനെ കരിമ്പട്ടികയിൽപെടുത്താനുള്ള തീരുമാനം നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ കോൺഗ്രസും രംഗത്തെത്തി. നഗരസഭ ഭരണത്തിൽ കരാറുകാർ കൈകടത്തുന്നതായി ഇവർ ആരോപിച്ചു.
വിവിധ വാർഡുകളിലെ ഉൾപ്രദേശത്തെ റോഡുകൾ വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. ചിലത് അമൃത് പദ്ധതിയിൽ പുതിയ പൈപ്പിടുന്നതിനായി പൊളിച്ചതാണ്. ഇതൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. കൽക്കെട്ടും നിർമിക്കാനുമുണ്ട്. റോഡ് നിർമാണത്തെക്കുറിച്ച് കൗൺസിലർമാർ ചോദിക്കുമ്പോൾ തീയതി പറയുന്നതല്ലാതെ മറ്റ് നടപടികളുണ്ടാകുന്നില്ല. വിമർശനമുയർന്നതോടെ കരാറുകാരനെ നഗരസഭയിൽ വിളിച്ചുവരുത്തി പണികൾ പൂർത്തിയാക്കണമെന്ന് നിർദേശിക്കാനാണ് തീരുമാനം. തെഞ്ഞെടുപ്പ് അടുത്തതോടെയാണ് കരാറുകാരന്റെ വീഴ്ചകൾ അക്കമിട്ട് നിരത്തി കൗൺസിലർമാർ പ്രതിഷേധിച്ചത്.
ബാങ്ക് ഒ.ഡി എടുക്കുന്നതിനായാണ് ഒരാൾ കരാർ എടുക്കുന്നതെന്നും ആരോപണമുയർന്നു. തെരുവുകച്ചവടക്കാരെ സ്വകാര്യ ബസ്സ്റ്റാൻഡിനുസമീപം പുനരധിവസിപ്പിക്കാൻ സൗകര്യമൊരുക്കാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ റീഗോ രാജു, ക്ലാരമ്മ പീറ്റർ, ബി. മെഹബൂബ്, ജി. ശ്രീലേഖ, മനു ഉപേന്ദ്രൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, എം.ആർ. പ്രേം തുടങ്ങിയവർ സംസാരിച്ചു.
അംഗൻവാടി നിയമനം: അന്വേഷണ കമ്മിറ്റി ഇന്ന്
ആലപ്പുഴ: അംഗൻവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്ന കമ്മിറ്റിയുടെ യോഗം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ചേരും. കമ്മിറ്റിയിൽനിന്ന് രാജിവെച്ചതായി കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു കൗൺസിലിൽ അറിയിച്ചു.
എന്നാൽ, കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടതിനാലാണിതെന്ന് ഭരണപക്ഷം ആരോപിച്ചു. അംഗൻവാടികളിൽ വർക്കർ, ഹെൽപർ ഒഴിവുകളിലേക്കുള്ള നിയമനം നൽകിയത് സി.പി.എം-സി.പി.ഐ പാർട്ടി നേതൃത്വം പറഞ്ഞവർക്കാണെന്നും ചിലരുടെ പക്കൽനിന്ന് ഒരുലക്ഷം രൂപ വരെ വാങ്ങിയെന്നുമായിരുന്നു ആരോപണം.
കനാലിന് കുറുകെ താൽക്കാലിക നടപ്പാലം
ആലപ്പുഴ: നഗരത്തിലെ ആഘോഷങ്ങളോട് അനുബന്ധിച്ച് പൊളിച്ചിട്ട ജില്ല കോടതി പാലത്തിന് സമാന്തരമായി കനാലിന് കുറുകെ താൽക്കാലിക നടപ്പാലം നിർമിക്കാൻ എം.എൽ.എമാരുടെ യോഗം ചേരും. മുല്ലക്കൽ ചിറപ്പ്, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്താണ് എം.എൽ.എമാരായ എച്ച്.സലാം, പി.പി. ചിത്തരഞ്ജൻ എന്നിവരുടെ സാന്നിധ്യത്തിൽ യോഗം ചേരുന്നത്.
ജില്ലകോടതി പാലം പൊളിച്ചതോടെ വ്യാപാരികളും യാത്രക്കാരും ഏറെ ദുരിതത്തിലാണ്. ഇത് കച്ചവടത്തെപോലും ബാധിച്ചതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് താൽക്കാലിക ‘നടപ്പാലം’ നിർമിക്കാനുള്ള ആലോചനയിലേക്ക് കാര്യങ്ങൾ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

