സമരം 700 ദിവസം പിന്നിട്ടു; അടിപ്പാതക്കായി പ്രതിഷേധ പൊങ്കാല
text_fieldsഅടിപ്പാത ആവശ്യമുന്നയിച്ച് പായൽക്കുളങ്ങരയിൽ റിലേ നിരാഹാരത്തിന്റെ 700ാം ദിവസമായ ബുധനാഴ്ച ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പൊങ്കാലക്ക് പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ് ദീപം തെളിയിക്കുന്നു
അമ്പലപ്പുഴ: അടിപ്പാത ആവശ്യമുന്നയിച്ച് പായൽക്കുളങ്ങരയിൽ റിലേ നിരാഹാരത്തിന്റെ 700ാം ദിവസമായ ബുധനാഴ്ച ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചു. അടിപ്പാത ആവശ്യമുയർത്തി ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 24 നാണ് പ്രത്യക്ഷ സമരമാരംഭിച്ചത്. പ്രദേശത്ത് അടിപ്പാത ഇല്ലാതെ വരുന്നതോടെ കിഴക്ക്, പടിഞ്ഞാറ് ഭാഗത്തുള്ള ആയിരക്കണക്കിന് കുടുംബങ്ങളാണ് യാത്രാ ദുരിതത്തിൽപ്പെടുന്നത്.
അമ്പലപ്പുഴക്കും പുറക്കാടിനുമിടയിൽ മറ്റൊരിടത്തും അടിപ്പാതയില്ല. പായൽക്കുളങ്ങരയിൽ അടിപ്പാത നിർമിക്കാമെന്ന് ദേശീയ പാതാ വികസന നിർമാണത്തിന് മുമ്പ് അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നിർമാണമാരംഭിച്ചതോടെയാണ് അടിപ്പാതയില്ലെന്ന് തെളിഞ്ഞത്. സുനാമി ബാധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന പായൽക്കുളങ്ങരയിൽ ഒരു ദുരന്തം നടന്നാൽ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗവുമില്ല.
തുടക്കത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ദേശീയ പാത വികസന അതോറിറ്റിക്കും നിവേദനങ്ങൾ സമർപ്പിച്ചിരുന്നു. ഇതു കൊണ്ട് ഫലമില്ലാതെ വന്നതോടെയാണ് തുടർ സമരങ്ങൾക്ക് തുടക്കമായത്. സമര സംഗമം, കൂട്ട ഉപവാസം, കലക്ട്രേറ്റ് പടിക്കൽ നിൽപ്പ് സമരം, പ്രകടനം, ദീപം തെളിയിക്കൽ തുടങ്ങി നിരവധി സമരങ്ങൾ സമര സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
കലക്ടർ, ദേശീയ പാതാ വികസന അതോറിറ്റി ഉദ്യോഗസ്ഥർ, എം.പി, എം.എൽ.എ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് ഉറപ്പ് നൽകിയെങ്കിലും ഇത് യാഥാർഥ്യമായില്ല. ഈ സാഹചര്യത്തിലാണ് സമരത്തിന്റെ 700-ാം ദിവസമായ ബുധനാഴ്ച പായൽക്കുളങ്ങര സമരപ്പന്തലിൽ ജനകീയ പ്രതിഷേധ പൊങ്കാല സംഘടിപ്പിച്ചത്.
രാവിലെ മത പുരോഹിതൻമാർ പകർന്നു നൽകിയ ദീപം പുറക്കാട് പഞ്ചായത്ത് പ്രസിഡൻറ് റഹ്മത്ത് ഹാമിദ് തെളിയിച്ചതോടെ പ്രതിഷേധ പൊങ്കാലക്ക് തുടക്കമായി. വയോധികര്‍ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് സഞ്ചാരസ്വാതന്ത്ര്യത്തിനായി പായൽക്കുളങ്ങര ദേവിക്ക് മുന്നിൽ മൺകലത്തിൽ പ്രതിഷേധാഗ്നി തീർത്തത്. ഉരുകുന്ന വെയിലിനെ അവഗണിച്ചായിരുന്നു പ്രതിഷേധ പൊങ്കാല ദേശീയ പാതക്കരികിൽ നടത്തിയത്.
ജനകീയ സമിതി ചെയർമാൻ കെ.ഉത്തമൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എ.ആർ.കണ്ണൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മനീഷ് എം.പുറക്കാട്, പഞ്ചായത്തംഗങ്ങളായ ഗോപകുമാർ.എൻ.ഡി, സുനിത.യു, ജനകീയ സമിതി കൺവീനർ എൻ.കെ. സഞ്ജീവൻ, വർക്കിങ് പ്രസിഡൻറ് ജൂബി സുകുമാരൻ, രാജീവൻ.എസ്, കെ.ശ്യാമളൻ, തനൂജ ബൈജു, എ.ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

