നിലം നികത്തി റോഡ് പണിയാനുള്ള നീക്കം പൊതുമരാമത്ത് മന്ത്രി ഇടപെട്ട് നിര്‍ത്തി
text_fieldsആലപ്പുഴ: നിര്‍മിച്ചുകൊണ്ടിരിക്കുന്ന കരുവാറ്റ - കുപ്പപ്പുറം റോഡില്‍ നിലം നികത്തി റോഡ് പണിയാനുള്ള നീക്കം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് ഇടപെട്ട് നിര്‍ത്തിവെപ്പിച്ചു.നിലം നികത്തി റോഡ് പണിയരുതെന്ന് സര്‍ക്കാര്‍ വന്നപ്പോള്‍തന്നെ ഉത്തരവിറക്കിയിരുന്നു. അതുപ്രകാരം നിലം നികത്തി റോഡോ പാലങ്ങളോ നിര്‍മിച്ചിട്ടില്ല. ഇവിടെയും നിര്‍മിക്കരുത് എന്ന ഉത്തരവ് കൊടുത്തതിന് വിപരീതമായാണ് ഇപ്പോള്‍ നിലം നികത്താന്‍ ശ്രമിച്ചത്.
12 ലോഡ് മണല്‍ കോണ്ട്രാക്ടര് കൊണ്ടുവന്നിട്ട് ഒരു ലോഡ് വിതറി. ഇതറിഞ്ഞ് മന്ത്രി ഫോണില്‍ വിളിച്ച് പ്രവൃത്തി നിര്‍ത്തിവെപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് വരുന്നവഴി നാട്ടുകാര്‍ വിളിച്ച് അറിയിച്ചതനുസരിച്ചാണ് പണി നിര്‍ത്തിവെപ്പിച്ചത്. ബാക്കിയുള്ള ലോഡുകള്‍ തിരിച്ചയപ്പിച്ചു.
ഇറക്കിയ ലോഡ് തിരിച്ച് വാരിക്കുകയും ചെയ്തു. എക്സിക്യൂട്ടിവ് എൻജിനീയറെ വിളിച്ച് അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയറോടും അസിസ്റ്റൻറ് എൻജിനീയറോടും ഓവര്‍സിയറോടും വിശദീകരണം വാങ്ങി ഉടൻ സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. കോണ്‍ട്രാക്ടറോട് വിശദീകരണം തേടാന്‍ എക്സിക്യൂട്ടിവ് എൻജിനീയറെ ചുമതലപ്പെടുത്തി.വിശദീകരണം ലഭിച്ചശേഷം, നിലംനികത്തി റോഡ് പണിയാന്‍ നിരോധനം ഉണ്ടായിട്ടും അത് ചെയ്തതിന് നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.