സി.പി.ഐ സംസ്ഥാന സമ്മേളനം, രണ്ടാംതലമുറയുടെ ഒത്തുചേരൽ; വി.എസിന്റെ മകൻ മുതൽ കാനത്തിന്റെ മകൻ വരെ
text_fieldsവി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺകുമാർ സി.പി.ഐ സംസ്ഥാന സമ്മേളനത്തിനെത്തിയപ്പോൾ
ആലപ്പുഴ: സമരപോരാട്ടത്തിലൂടെ നാടിനെ നയിച്ച് മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ കുടുംബാംഗങ്ങൾ ഒത്തുചേർന്ന സി.പി.ഐ സംസ്ഥാന സമ്മേളനം രണ്ടാംതലമുറയുടെ ഒത്തുചേരലായി. പാർട്ടിക്ക് നൂറുകൊല്ലം തികയുന്ന വേളയിൽ 43 വർഷത്തിനുശേഷം വിപ്ലവമണ്ണിൽ ആരംഭിച്ച സമ്മേളനത്തിലേക്ക് പ്രത്യേക ക്ഷണിതാക്കളായാണ് ഇവർ എത്തിയത്. ഇതിൽ എടുത്തുപറയേണ്ടത് പുന്നപ്ര-വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ മകൻ ഡോ. വി.എ. അരുൺകുമാറിന്റെ സാന്നിധ്യമാണ്. ബിനോയ് വിശ്വം അടക്കമുള്ള നേതാക്കളുമായി സൗഹൃദം പുതുക്കിയാണ് അദ്ദേഹം മടങ്ങിയത്.
മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മകൻ സന്ദീപ് രാജേന്ദ്രൻ, മുൻ മുഖ്യമന്ത്രി പി.കെ. വാസുദേവൻ നായരുടെ മകൾ ശാരദ മേനോൻ, മുൻമന്ത്രി എൻ.ഇ. ബൽറാമിന്റെ മകൾ ഗീത നസീർ, ശൂരനാട് സമരനേതാവ് കെ.സി. കുഞ്ഞിരാമന്റെ മകൾ ഇന്ദിര, ഇക്കുറി സമ്മേളനത്തിന് ക്ഷണമില്ലാതിരുന്ന മുതിർന്ന നേതാവ് കെ.ഇ. ഇസ്മായിലിന്റെ മകൻ ബൈജു ഇസ്മയിൽ, സഹോദരൻ കെ.ഇ. ഹനീഫ് എന്നിവരടക്കമുള്ളവർ സമ്മേളനത്തിന്റെ ഭാഗമായി.
പുന്നപ്ര-വയലാർ സമരസംഘാടകരിൽ ഒരാളായ എസ്. കുമാരൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായിരുന്ന സി.കെ. ചന്ദ്രപ്പൻ, വെളിയം ഭാർഗവൻ, എം.ടി. ചന്ദ്രസേനൻ, സി.കെ. കേശവൻ എന്നിവരുടെയും പുന്നപ്ര-വയലാർ പോരാട്ടം നയിച്ച ധീരസഖാക്കളുടെ അടുത്ത ബന്ധുക്കളും അതിഥികളായെത്തി. ഇവർക്ക് ആദരവർപ്പിച്ചാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതപ്രസംഗം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

