തദ്ദേശതെരഞ്ഞെടുപ്പ്: സംവരണവാർഡ് നറുക്കെടുപ്പ് പൂർത്തിയായി
text_fieldsആലപ്പുഴ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ജില്ലയിലെ 72 പഞ്ചായത്ത്, ആറ് നഗരസഭ, 12 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 24 ജില്ല പഞ്ചായത്ത് ഡിവിഷൻ എന്നിവയുടെ നറുക്കെടുപ്പാണ് പൂർത്തിയായത്. ജില്ലയിലെ 91 തദ്ദേശ സ്ഥാപനങ്ങളിലെ 1,666 വാർഡുകളിൽ 945 എണ്ണം സംവരണമായി. 85 ത്രിതല തദ്ദേശ സ്ഥാപനങ്ങളിൽ 1,447 സീറ്റുകളിൽ 827 എണ്ണമാണ് സംവരണമായത്.
ആലപ്പുഴ, കായംകുളം, മാവേലിക്കര, ചേർത്തല, ചെങ്ങന്നൂർ, ഹരിപ്പാട് എന്നീ നഗരസഭകളിലെ 219 വാർഡുകളിലെ 118 എണ്ണവും ജില്ലയിലെ 72 പഞ്ചായത്തുകളിലെ 1,253 വാർഡുകളിൽ 716 വാർഡുകളും സംവരണമായി. ഇതിൽ 55 പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 639 സ്ത്രീ സംവരണ വാർഡുകളും 77 പട്ടികജാതി സംവരണ വാർഡുകളുമാണ്. ജില്ലയിൽ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 170 ഡിവിഷനുകളാണുള്ളത്. നാല് പട്ടികജാതി വനിത സംവരണ വാർഡുകൾ ഉൾപ്പെടെ 86 വനിത സംവരണ വാർഡുകളും 12 പട്ടികജാതി സംവരണ വാർഡുകളും ഉൾപ്പെടെ 98 എണ്ണവും സംവരണ വാർഡുകളായി.
ജില്ല പഞ്ചായത്തിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് ചൊവ്വാഴ്ച നടന്നു. പുതുതായി രൂപവത്കരിച്ച തണ്ണീർമുക്കം ഡിവിഷൻ ഉൾപ്പെടെ 24 ഡിവിഷനുകളിൽ 13 വാർഡുകളാണ് സംവരണമുള്ളത്. ഇതിൽ ചമ്പക്കുളം, പത്തിയൂർ ഡിവിഷൻ പട്ടികജാതി സ്ത്രീയും വെൺമണി പട്ടികജാതി സംവരണവുമായി. അരൂർ, പള്ളിപ്പുറം, തണ്ണീർമുക്കം, ആര്യാട്, ചെന്നിത്തല, ഭരണിക്കാവ്, കൃഷ്ണപുരം, മുതുകുളം, കരുവാറ്റ, വയലാർ എന്നിവ സ്ത്രീ സംവരണമായി.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ നറുക്കെടുപ്പ് പിഴവുമൂലം റദ്ദാക്കി. രണ്ടാമത്തെ നറുക്കെടുപ്പിലാണ് സംവരണം നിശ്ചയിക്കാനായത്. നറുക്കെടുപ്പിനുപയോഗിച്ച എക്സൽ ടൂളിൽ ജനസംഖ്യാശതമാനം കണ്ടെത്തുന്നതിൽ പിഴവുണ്ടായി. ഇതുമൂലം നറുക്കെടുപ്പിന് തെരഞ്ഞെടുത്ത വാർഡുകളിൽ വ്യത്യാസം വന്നു.
അപാകത പരിഹരിച്ചശേഷം നൽകിയ എക്സൽ ടൂൾ പ്രകാരമണ് വീണ്ടും നറുക്കെടുത്തത്. എന്നാൽ ഇത്തവണ പൊതുവിഭാഗത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച ചില സംവരണ വാർഡുകൾ ഇക്കുറി വീണ്ടും സംവരണ വിഭാഗത്തിൽപെട്ടതോടെ സ്ഥാനാർഥിക്കുപ്പായം തുന്നിയ പൊതുവിഭാഗത്തിലെ പലരും നിരാശരായി. നിശ്ചിത ശതമാനം സ്ത്രീ, പട്ടികജാതി, പട്ടികജാതി സ്ത്രീ സംവരണ മണ്ഡലങ്ങൾ ഉറപ്പാക്കേണ്ടതിനാലാണ് ചില വാർഡുകൾ തുടർച്ചയായ രണ്ടാംവട്ടവും സംവരണത്തിലേക്ക് മാറിയത്.
ജില്ല പഞ്ചായത്ത് സംവരണപട്ടിക
ഡിവിഷൻ നമ്പരും പേരും: 9-ചമ്പക്കുളം (പട്ടികജാതി സ്ത്രീ), 18-പത്തിയൂർ (പട്ടികജാതി സ്ത്രീ), 14-വെൺമണി (പട്ടികജാതി), 1-അരൂർ (സ്ത്രീ സംവരണം), 3-പള്ളിപ്പുറം (സ്ത്രീ സംവരണം), 4-തണ്ണീർമുക്കം (സ്ത്രീ സംവരണം), 6-ആര്യാട് (സ്ത്രീ സംവരണം), 13-ചെന്നിത്തല (സ്ത്രീ സംവരണം), 6-ഭരണിക്കാവ് (സ്ത്രീ സംവരണം), 17-കൃഷ്ണപുരം (സ്ത്രീ സംവരണം), 19-മുതുകുളം (സ്ത്രീ സംവരണം), 20-കരുവാറ്റ (സ്ത്രീ സംവരണം), 23-വയലാർ (സ്ത്രീ സംവരണം).
തദ്ദേശം കണക്ക് ഇങ്ങനെ
- ആകെ എണ്ണം, വാർഡുകൾ, സംവരണം
- ഗ്രാമപഞ്ചായത്ത്-72, 1253, 716
- ബ്ലോക്ക് പഞ്ചായത്തുകൾ-12, 170, 98
- നഗരസഭ-ആറ്- 219, 118
- ജില്ല പഞ്ചായത്ത്-24 ഡിവിഷൻ, 13
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

