മണ്ണഞ്ചേരിയിൽ ഇന്ന് റീപോളിങ്
text_fieldsആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ (അമ്പലക്കടവ്) ഒന്നാം നമ്പർ ബൂത്തായ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ വ്യാഴാഴ്ച റീപോളിങ് നടക്കും. വോട്ടുയന്ത്രത്തിൽ ജില്ല പഞ്ചായത്ത് സ്ഥാനാർഥിയുടെ പേര് തെളിയാതിരുന്നതിനെത്തുടർന്നാണ് വോട്ടെടുപ്പ് മാറ്റിവെച്ചത്. രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർഥി ഷൈലജ എസ്. പൂഞ്ഞിലിയുടെ പേരിനു നേരെയുള്ള വോട്ടിങ് ബട്ടൺ ലോക്ക് ചെയ്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്.
300ലധികം വോട്ട് പോൾ ചെയ്തശേഷം ഉച്ചയോടെയാണ് ബൂത്ത് ഏജന്റ് പ്രശ്നം കണ്ടെത്തിയത്. ഇതിനാൽ ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ചൂണ്ടുവിരലിൽ പുരട്ടിയ മഷിടയാളം ഏറെയുണ്ട്. ഇതിനാൽ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മായാത്ത മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും.
റീപോളിങ്ങിനായി സ്ഥാനാർഥികൾ, രാഷ്ട്രീയകക്ഷികൾ പരസ്യ പ്രചാരണം നടത്താൻ പാടില്ല. റീപോളിംഗ് ദിവസം അധിക പൊലീസ് സുരക്ഷ ഏർപ്പെടുത്തും. റീപോളിങ്ങിനാവശ്യമായ രണ്ട് സെറ്റ് ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളുടെ കമീഷനിങ് കലവൂർ സ്കൂളിൽ നടന്നു. സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗം പോളിങ് സ്റ്റേഷനുവേണ്ടി മാത്രം മുൻ വോട്ടെടുപ്പിന് ചെയ്തുപോലെ നടപടിക്രമങ്ങൾ വരണാധികാരി പൂർത്തിയാക്കാൻ കമീഷൻ നിർദേശിച്ചു. ഇതിനായി പരിശീലനം ലഭിച്ച പോളിങ് ഉദ്യോഗസ്ഥരടങ്ങുന്ന പുതിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഈ ബൂത്തിലെ വോട്ടെണ്ണൽ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കാനും വിജ്ഞാപനമുണ്ട്.
ഇന്ന് അവധി
ആലപ്പുഴ: മണ്ണഞ്ചേരി ഗവ. ഹൈസ്കൂൾ പ്രധാന കെട്ടിടത്തിന്റെ തെക്കുഭാഗത്തെ ബൂത്തിൽ നടക്കുന്ന റീപോളിങ്ങിന്റെ സുഗമമായ നടത്തിപ്പിനായി വ്യാഴാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ച് കലക്ടർ ഉത്തരവായി. ഇതിനൊപ്പം ഈ പോളിങ് ബൂത്തിലെ വോട്ടർമാരായ എല്ലാ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ അവധി നൽകണം.
രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു
ആലപ്പുഴ: റീപോളിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ജില്ല തെരരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടർ അലക്സ് വർഗീസിന്റെ ചേംബറിൽ യോഗം ചേർന്നു. റീപോളിങ്ങിനിടയായ സാഹചര്യവും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ നിർദേശങ്ങളും കലക്ടർ വിശദീകരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ സംസാരിച്ചു.
ജനറൽ നിരീക്ഷക കെ. ഹിമ, ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എസ്. ബിജു, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

