വാടക വീട് കുത്തിത്തുറന്ന് രണ്ട് പവൻ സ്വർണവും 6000 രൂപയും കവർന്നു
text_fieldsമോഷ്‌ടാക്കൾ അലമാരയിൽനിന്ന് സാധനങ്ങൾ വാരിയിട്ട നിലയിൽ
ചേർത്തല: ആളില്ലാത്ത സമയം നോക്കി വാടക വീട് കുത്തിത്തുറന്ന് രണ്ട് പവൻ സ്വർണവും 6000 രൂപയും കവർന്നു. കാളികുളം കവലക്ക് കിഴക്ക് വാടകക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവർ കപ്പേളവെളി കെ.ജെ. ജോസഫ് എന്ന ബോബന്‍റെ വീട്ടിലാണ് മോഷണം നടന്നത്.
ഞായറാഴ്ച പുലർച്ചെ 1.30ന് ജോസഫും ഭാര്യ ലാലിയും മകൻ ലിവിനും വെളാങ്കണ്ണി തീർഥാടനത്തിന് പോയിരുന്നു. തിങ്കളാഴ്ച പുലർച്ചെ 1.30ന് തിരിച്ചെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. അലമാരയിലെ തുണികൾ വലിച്ചുവാരി പുറത്തിട്ടിരുന്നു. വീടിന്‍റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. അലമാരയിലും ട്രോളി ബാഗിലുമുള്ള സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ട്രോളി ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന രണ്ട് പവന്‍റെ സ്വർണവളകളും, അലമാരയിൽ വെച്ചിരുന്ന 6000 രൂപയുമാണ് നഷ്ടപ്പെട്ടത്. എന്നാൽ അലമാരയിലെ റോൾഡ് ഗോൾഡ് ആഭരണങ്ങൾ മോഷ്ടാക്കൾ ഉപേക്ഷിച്ചു.
ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പൊലീസ് നായ വീടിന് പരിസരത്ത് മണം പിടിച്ച് ഓടിയെങ്കിലും മതിലിന് പുറത്തേക്ക് പോയില്ല. രണ്ട് മാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നതായി ഉടമ ഉണ്ണികൃഷ്ണൻ പറഞ്ഞു. പുറത്തുണ്ടായിരുന്ന പൈപ്പുകളും, മറ്റ് ഉപകരണങ്ങളുമാണ് അന്ന് മോഷണം പോയത്. അന്നും ചേർത്തല പൊലീസിൽ പരാതിപ്പെട്ടിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

