നവീകരണം നീളുന്നു; റെയിൽവേ സ്റ്റേഷൻ റോഡിൽ ദുരിതയാത്ര
text_fieldsആലപ്പുഴ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പാളത്തിലൂടെ ബീച്ച് റോഡിലെ ലെവൽക്രോസിലേക്ക് നടക്കുന്ന യാത്രക്കാർ.
നിലവിൽ ഇവിടെ വരെയാണ് സ്വകാര്യബസുകൾ സർവിസ് നടത്തുന്നത്
ആലപ്പുഴ: റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം നീളുന്നതുമൂലം യാത്രക്കാർ ദുരിതത്തിൽ. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആറുകോടി രൂപ ചെലവിട്ട് വീതികൂട്ടിയും സുരക്ഷ ഉറപ്പാക്കിയും പുനർനിർമിക്കുന്ന റോഡിന്റെ നവീകരണം പാതിവഴിയിൽ നിലച്ചതാണ് ദുരിതകാരണം.
പൊള്ളുന്ന വെയിലും പൊടിയുമേറ്റ് റെയിൽവേ സ്റ്റേഷൻ മുതൽ ബീച്ച് റോഡ് വരെയും തിരിച്ചും നടക്കേണ്ട ഗതികേടിലാണ് യാത്രികർ. സ്റ്റേഷനിൽ ബസ് എത്താതായിട്ട് രണ്ടുമാസത്തിലേറെയായി. ഓട്ടോ അടക്കമുള്ള ഇരുചക്രവാഹനങ്ങൾ എത്തുന്നതിന് നിലവിൽ തടസ്സമില്ല.
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പ്രധാന കവാടത്തിന് മുന്നിലെ റോഡിലെ നിർമാണ പ്രവൃത്തികൾ
റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് മുന്നിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ ബസുകൾ തിരിക്കാൻ സൗകര്യമില്ലാത്തതാണ് പ്രശ്നം. നിലവിൽ ബീച്ച് റോഡിലെ ലെവൽക്രോസിനു സമീപം വരെ മാത്രമാണ് ബസ് എത്തുന്നത്. ഇവിടെ ഇറങ്ങുന്ന യാത്രക്കാർ പാളത്തിലൂടെയും അല്ലാതെയും നടന്നാണ് സ്റ്റേഷനിൽ എത്തുന്നത്. റോഡ് ഉയർത്തിയുള്ള നടപ്പാതയുടെ നിർമാണവും ഏങ്ങുമെത്തിയിട്ടില്ല.
ചിലയിടത്ത് നടപ്പാതയിൽ ടൈൽ പാകിയിട്ടുണ്ടെങ്കിലും നിർമാണം പൂർത്തിയായിട്ടില്ല. പഴയ റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത് ഇരുചക്രമടക്കമുള്ള വാഹനയാത്രക്കാർക്ക് വിനയാണ്. ബീച്ച് റോഡ് ലെവൽക്രോസ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഒമ്പത് മീ. വീതിയുള്ള റോഡ് ഫുട്പാത്ത് ഉൾപ്പെടെ 12 മീറ്ററാക്കിയാണ് വികസനം.
ഇതിനുപുറമേ ഇരുവശവും 1.5 മീ. വീതിയിൽ ടൈൽ പാകിയ നടപ്പാതയും ഉണ്ടാകും. ഗതാഗതതടസ്സവും വെള്ളക്കെട്ടുമുണ്ടാകാത്തവിധം നിലവിലെ റോഡ് ഉയർത്തി പൂർണമായും കോൺക്രീറ്റിലാണ് നിർമാണം. ഇരുവശങ്ങളിലും വഴിവിളക്കുകളും സ്ഥാപിക്കും.
സ്റ്റേഷന്റെ അകത്തേക്കും പുറത്തേക്കും പ്രത്യേക വാതിലുകളോടെയാണ് പ്രവേശന കവാടം നിർമിക്കുന്നത്. ഇതിന്റെ തൂണുകളുടെ കോൺക്രീറ്റിങ് പൂർത്തിയായി. എന്നാൽ, ലെവൽക്രോസിനു സമീപത്തെ പ്രവേശന കവാടത്തിനായി നിർമിച്ച കോൺക്രീറ്റ് തൂണുകൾക്കിടയിലൂടെ അനായാസമായി ബസുകൾ എത്തുന്നതിന് നിലവിൽ തടസ്സമുണ്ട്. നടപ്പാതയുടെ നിർമാണം പാതിവഴിയിലായിരിക്കെ യാത്രികർ പാളം കുറുകെ കടന്നാണ് പ്ലാറ്റ്ഫോമിൽ എത്തുന്നത്.
രാവിലെയുള്ള പാസഞ്ചർ ട്രെയിനുകളിൽ എത്തുന്നവർ ബീച്ച് റോഡിലേക്ക് നടന്ന് എത്തുമ്പോഴേക്കും ബസുകൾ കടന്നുപോകും. വൈകീട്ട് ഏഴിനുശേഷം സ്റ്റേഷനിൽനിന്ന് ബസും ലഭ്യമല്ല. കുട്ടനാട് ഭാഗത്തേക്കുള്ള യാത്രികർ പലപ്പോഴും രണ്ട് ബസുകൾ മാറിക്കയറിയും ഓട്ടോയെ ആശ്രയിച്ചുമാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നത്. വേനൽചൂടേറുന്ന സാഹചര്യത്തിൽ നിർമാണം അനന്തമായി വൈകുന്നത് യാത്രികർക്ക് ഇരട്ടി ദുരിതമാണ്.
കാലവർഷം ആരംഭിക്കുന്നതിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്നാണ് യാത്രികരുടെ ആവശ്യം. ഒരുവർഷം മുമ്പാണ് റെയിൽവേ സ്റ്റേഷന്റെ മുൻഭാഗത്തെ നവീകരണം തുടങ്ങിയത്. ആദ്യം കരാർ ഏറ്റെടുത്തയാൾ പണി ഉപേക്ഷിച്ചത് നിർമാണത്തിന് തടസ്സം സൃഷ്ടിച്ചു.
നിലവിൽ ബുക്കിങ് ഓഫിസ്, മുൻഭാഗത്തെ കെട്ടിടം, പ്രീ പെയ്ഡ് കൗണ്ടർ എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. അസൗകര്യം നിറഞ്ഞ പ്രധാനവഴി ഉപേക്ഷിച്ച് സ്റ്റേഷന്റെ തെക്കുഭാഗത്തുനിന്നാണ് കൂടുതൽ വാഹനങ്ങൾ എത്തുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.