റിമോട്ട് കൺട്രോൾ ലൈഫ് ബോയ ഇനി ആലപ്പുഴക്ക് സ്വന്തം
text_fieldsആലപ്പുഴ ബീച്ചില്‍ റിമോട്ട് കൺട്രോളിൽ പ്രവര്‍ത്തിക്കുന്ന
ലൈഫ് ബോയ ഉപയോഗിച്ച് ആളെ രക്ഷപ്പെടുത്തുന്നു
ആലപ്പുഴ: കടൽത്തീരങ്ങളിൽ തിരകളിൽപെട്ട് മുങ്ങിത്താഴുന്നവരെ രക്ഷിക്കാൻ റിമോട്ട് കൺട്രോൾ ഓപറേറ്റഡ് ലൈഫ്ബോയ ഇനി ആലപ്പുഴക്ക് സ്വന്തം. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി.സി) ആഭിമുഖ്യത്തിൽ ആലപ്പുഴ കടപ്പുറത്ത് നടന്ന പരീക്ഷണ പ്രവർത്തനം കലക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ, ഡി.ടി.പി.സി സെക്രട്ടറി ലിജോ എബ്രഹാം, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.
അപകടത്തിൽപെട്ട ആളുകളുടെ അടുത്തേക്ക് നിമിഷനേരത്തിൽ മനുഷ്യസഹായമില്ലാതെ എത്തി രക്ഷാപ്രവർത്തനം നടത്താൻ കഴിയുമെന്നതാണ് സംവിധാനത്തിന്റെ പ്രത്യേകത. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർണമായും റിമോട്ട് കൺട്രോൾ സംവിധാനത്തിലാണ് പ്രവർത്തനം. സെക്കൻഡിൽ ഏഴ് മീറ്റർ വേഗത്തിൽ ഒരു കിലോമീറ്റർ ദൂരം വരെ എത്തി മുങ്ങിത്താഴുന്നവരെ രക്ഷിച്ച് കരക്കെത്തിക്കുന്ന ഈ സംവിധാനം ദക്ഷിണേന്ത്യയിലും സംസ്ഥാനത്തും ആദ്യമായാണ്.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് ആലപ്പുഴ കടപ്പുറത്താണ് പരീക്ഷണരക്ഷാദൗത്യം തുടങ്ങിയത്. കടലിൽ മുങ്ങിയയാളെ കരയിൽനിന്ന് എത്തുന്ന ആളിന്റെ സഹായത്തോടെ യന്ത്രത്തിൽ കരക്ക് എത്തിക്കുന്ന മാതൃകയാണ് ആദ്യം കാണിച്ചത്. ഇത് വിജയകരമായതിന് പിന്നാലെ യന്ത്രം തനിയെ പോയി ആളെ കൂട്ടികൊണ്ടുവന്നു. റിമോട്ടിന്റെ സഹായത്തോടെ തിരമാലകൾ ഉയർന്നുപൊങ്ങുന്ന നിശ്ചിതദൂരത്തിലേക്ക് ലൈഫ് ഗാർഡിനെ പറഞ്ഞയച്ചായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കടലിലേക്ക് ചാടിയ ലൈഫ് ഗാർഡിനെ മനുഷ്യസഹായമില്ലാതെ രക്ഷാപ്രവർത്തനം നടത്തിയതിന്റെ നേർക്കാഴ്ച വേറിട്ടതായി. 50 മീറ്റർ അപ്പുറത്തെ നിശ്ചിതദൂരത്തേക്ക് നീന്തിയാണ് രക്ഷാദൗത്യത്തിന് ലൈഫ് ഗാർഡ് കാത്തുനിന്നത്. കരയിൽ റിമോട്ടിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ മറ്റൊരാളുമുണ്ടായിരുന്നു. പരീക്ഷണദൗത്യം കാണാൻ വൻജനാവലിയും തടിച്ചുകൂടിയിരുന്നു. ആദ്യം ആലപ്പുഴയിൽ നടപ്പാക്കുന്ന പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. വിനോദസഞ്ചാരികളടക്കം ലക്ഷങ്ങൾ എത്തുന്ന ബീച്ചിൽ തിരകൾ പലപ്പോഴും വില്ലനാകാറുണ്ട്. വിരലിൽ എണ്ണാവുന്ന ലൈഫ് ഗാർഡുമാരുടെ സേവനവും മുന്നറിയിപ്പും അവഗണിച്ചാണ് സന്ദർശകർ കടലിലിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

