എടത്വ: വെള്ളപ്പൊക്കത്തിൽനിന്ന് കരകയറാന്‍ ഫ്രിഡ്ജ് തോണിയും കുട്ടനാട്ടുകാര്‍ക്ക് ആശ്വാസം. ഉപയോഗശൂന്യമായ ഫ്രിഡ്ജിനെ തോണിയാക്കിയാണ് കുട്ടനാട്ടുകാരിൽ ചിലർ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്നത്.
തലവടി വാലയില്‍ ഡോ. ജോണ്സണ് വി. ഇടിക്കുളയുടെ ഫ്രിഡ്ജാണ് തോണിയായി രൂപപ്പെട്ടത്. 2018ലെ പ്രളയത്തില്‍ കേടായ ഡബിള്‍ ഡോര്‍ ഫ്രിഡ്ജ് അയല്ക്കാരന് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. അയല്ക്കാരന് പുതിയത് വാങ്ങിയപ്പോള്‍ പഴയത് ജോണ്‍സണെ തിരികെ ഏല്‍പ്പിച്ചു.
ആക്രിയായി വില്ക്കാന് തീരുമാനിച്ചതിനെ ഭാര്യ ജിജിമോള്‍ എതിര്‍ത്തതോടെ ഇത് വീടിെൻറ സ്റ്റോറൂമില്‍ വിശ്രമത്തിലായി.
വെള്ളപ്പൊക്ക ഭീഷണിയെ തുടര്‍ന്ന് സ്റ്റോർ റൂമിൽനിന്ന് പൊടിതട്ടിയെടുത്ത ഇത് അയല്‍വാസി വിനോദിെൻറ സഹായത്താല്‍ തോണിയായി മാറ്റുകയായിരുന്നു.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട മൂന്നംഗ കുടുംബത്തെ ഇതിലാണ് കരയിലെത്തിച്ചത്. രക്ഷപ്രവര്‍ത്തനത്തിന് മാത്രമല്ല ശുദ്ധജലം എത്തിക്കാനും പഴയ ഫ്രിഡ്ജ് പലരും ഉപയോഗപ്പെടുത്താറുണ്ട്.
വള്ളങ്ങളില്ലാത്തവർ കിയോസ്കില്‍നിന്ന് ലഭിക്കുന്ന സൗജന്യ ശുദ്ധജലം ഫ്രിഡ്ജ് തോണിയിലാണ് വീടുകളില്‍ എത്തിക്കുന്നത്.