ആലപ്പുഴ നഗരസഭ; മുന്നണികളെ വെട്ടിലാക്കി സ്വതന്ത്രന്റെ വികസനരേഖ
text_fieldsആലപ്പുഴ: നഗരസഭ ഭരണം പിടിക്കാൻ മുന്നിട്ടിറങ്ങിയ യു.ഡി.എഫിനെയും എൽ.ഡി.എഫിനെയും വെട്ടിലാക്കി സ്വതന്ത്രന്റെ വികസനരേഖ. മംഗലം വാർഡിൽനിന്ന് വിജയിച്ച സ്വതന്ത്രൻ ജോസ് ചെല്ലപ്പനാണ് പിന്തുണ വേണമെങ്കിൽ താൻ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണമെന്ന നിബന്ധന മുന്നോട്ടുവെച്ചത്.
ആർക്കൊപ്പം നിലകൊള്ളുമെന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയെങ്കിലും വാർഡിൽ രൂപവത്കരിച്ച 10 പേരുടെ സൗഹൃദസമിതി എടുത്ത തീരുമാനം അംഗീകരിക്കുന്നവർക്ക് മാത്രമേ പിന്തുണയുള്ളൂവെന്ന് വ്യക്തമാക്കി. ഇതോടെയാണ് അനുകൂലമായിരുന്ന ആദ്യഘട്ട ചർച്ചകളിൽനിന്ന് മുന്നണികൾ അൽപം പിന്നാക്കം പോയത്. സമയബന്ധിതമായി പൂർത്തിയാക്കേണ്ട പല പദ്ധതികൾക്കും ഉറപ്പുനൽകിയാൽ പാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. ഇത് പിന്നീട് വിനയാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, ആവശ്യങ്ങൾ അംഗീകരിച്ച് സ്വതന്ത്രനെ കൂടെക്കൂട്ടി ഭരണം ഉറപ്പിക്കാനാണ് യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും ശ്രമം. അധ്യക്ഷ സ്ഥാനം വനിത സംവരണമായതിനാൽ വൈസ് ചെയർമാൻ പദവി അഞ്ചുവർഷം നൽകാമെന്ന് ഇരുവരും വാഗ്ദാനം നൽകിയിട്ടുണ്ട്. എന്നാൽ, വികസനരേഖയുടെ കാര്യത്തിൽ ഇനിയും ഉറപ്പുലഭിച്ചിട്ടില്ല. ഇതാണ് ഫലം വന്നിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും സ്വതന്ത്രൻ മനസ്സുതുറക്കാത്തതെന്നാണ് വിവരം.
53 അംഗബലമുള്ള നഗരസഭയിൽ യു.ഡി.എഫിന് 23ഉം എൽ.ഡി.എഫിന് 22ഉം അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് അഞ്ചുപേരുണ്ട്. സ്വതന്ത്രന് പിന്നാലെ ഓരോ അംഗം വീതമുള്ള പി.ഡി.പി, എസ്.ഡി.പി.ഐയുമുണ്ട്. കേവലഭൂരിപക്ഷം ആർക്കുമില്ലാത്തതിനാൽ സ്വത്വന്ത്രന്റെ പിന്തുണ അനിവാര്യമാണ്. പി.ഡി.പിയുടെയും സ്വതന്ത്രന്റെയും പിന്തുണ ഉറപ്പാക്കാൻ എൽ.ഡി.എഫ് നീക്കുപോക്ക് ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ജോസ് ചെല്ലപ്പൻ തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് യു.ഡി.എഫിന്റെ കണക്കുകൂട്ടൽ. നാലിടത്ത് വിജയിച്ച മുസ്ലിം ലീഗും ഉപാധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഭരണത്തിനൊപ്പം ചേർന്ന് സ്റ്റാമ്പായി പ്രവർത്തിക്കാൻ താൽപര്യമില്ലെന്ന് ജോസ് ചെല്ലപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കായികസ്വപ്നങ്ങൾക്ക് ചിറകുവിടർത്തുന്ന ഇ.എം.എസ് സ്റ്റേഡിയം പൂർത്തിയാക്കുകയെന്നതാണ് പ്രധാന ആവശ്യം. ആളുകൾക്ക് സേവനം യഥാസമയം കിട്ടാൻ അധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും നേതൃത്വത്തിൽ മാസത്തിൽ രണ്ടുതവണ അദാലത് നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

