റേഷൻ തിരിമറി; സപ്ലൈകോ ചെയർമാന് റിപ്പോർട്ട് നൽകി
text_fieldsതൃക്കുന്നപ്പുഴ: ഹരിപ്പാട് റേഷൻ തിരിമറി ആരോപണമുയർന്ന സംഭവത്തിൽ സപ്ലൈകോ റീജനൽ മാനേജർ കോർപറേഷൻ മാനേജിങ് ഡയറക്ടർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. സപ്ലൈകോ സംഭരണകേന്ദ്രത്തിൽനിന്ന് റേഷൻകടയിലേക്ക് ലോറിയിൽ കൊണ്ടുപോയ അരി ടെമ്പോവാനിലേക്ക് മാറ്റിയ സംഭവത്തിലാണ് റീജനൽ മാനേജർ ലീലാകൃഷ്ണൻ സിവിൽ സപ്ലൈസ് എം.ഡിക്ക് റിപ്പോർട്ട് നൽകിയത്. സംഭവവുമായി ബന്ധപ്പെട്ട് റേഷൻ വാതിൽപ്പടി വിതരണക്കാരനിൽനിന്ന് ഹരിപ്പാട്ടെ ഡിപ്പോ അസി. മാനേജർ വിശദീകരണം തേടിയിരുന്നു.
ലോറിയുടെ ടയർ പഞ്ചറായതിനാലാണ് മിനിലോറിയിലേക്ക് സാധനങ്ങൾ മാറ്റിയതെന്നായിരുന്നു കരാറുകാരന്റെ മറുപടി. ഈ വിശദീകരണവും സംഭവവുമായി ബന്ധപ്പെട്ട മറ്റു വിശദാംശങ്ങളും ചേർത്താണ് മാനേജിങ് ഡയറക്ടർക്കു റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് റീജനൽ മാനേജർ പറഞ്ഞു. സപ്ലൈകോ വിജിലൻസും പൊലീസും ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നുണ്ട്. ഇതുകൂടി പരിഗണിച്ചായിരിക്കും തുടർനടപടി.
ഹരിപ്പാട്ടെ എൻ.എഫ്.എസ്.എ സംഭരണകേന്ദ്രത്തിൽനിന്ന് തൃക്കുന്നപ്പുഴയിലെ രണ്ടു റേഷൻകടകളിലേക്ക് കൊണ്ടുപോയ അരി കഴിഞ്ഞമാസം അഞ്ചിനു വൈകീട്ട് കാർത്തികപ്പള്ളി വലിയകുളങ്ങരയിൽ വെച്ചാണ് മറ്റൊരു വാഹനത്തിലേക്കു മാറ്റിയത്. നാട്ടുകാർ ഇതു മൊബൈൽ ഫോണിൽ പകർത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തൃക്കുന്നപ്പുഴയിലെ റേഷൻകടകളിൽ നടത്തിയ പരിശോധനയിൽ അരിയുടെ നീക്കിയിരിപ്പിൽ കുറവുകണ്ടെത്തി. 152, 154 നമ്പർ റേഷൻകടകളുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തിരുന്നു.