നാടിന് മാതൃയാകുന്ന ജീവിതം; സാദിഖിന്റെ ഖബറിടമൊരുക്കാനും രാജേഷ്
text_fieldsശനിയാഴ്ച മരിച്ച കുറ്റിക്കാട്ടുവെളിയിൽ സാദിഖിന്റെ ഖബറിടം രാജേഷിന്റെ നേതൃത്വത്തിൽ തയാറാക്കുന്നു
മണ്ണഞ്ചേരി: വ്യത്യസ്ത വിശ്വാസങ്ങളുടെ പേരിൽ സമൂഹത്തിൽ മതിലുകൾ ഉയരുന്ന കാലത്ത് മനുഷ്യസ്നേഹത്തിന്റെ പ്രതീകമാവുകയാണ് പൊന്നാട് പള്ളിമുക്ക് നല്ലേപള്ളിൽ രാജേഷ്. നബിദിനാഘോഷത്തിന്റെ അലങ്കാരപ്പണികളിലും ഭക്ഷണമൊരുക്കുന്നതിലും നാട്ടിലെ സന്തോഷങ്ങളിൽ പങ്കുചേരുന്നതിലും മാത്രമല്ല ഒരു കുടുംബത്തിൽ മരണമുണ്ടാകുമ്പോൾ അവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് കൈത്താങ്ങാകുന്നതിലും രാജേഷ് മുന്നിലുണ്ട്.
വിശ്വാസത്തിന്റെ വ്യത്യാസങ്ങൾക്കപ്പുറം മനുഷ്യബന്ധങ്ങൾക്ക് വിലകൽപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ.
ശനിയാഴ്ച മരിച്ച പൊന്നാട് കുറ്റിക്കാട്ടുവെളിയിൽ സാദിഖിന്റെ (55) ഖബറിടം പൊന്നാട് മഹല്ല് ഖബർസ്ഥാനിൽ സുഹൃത്തുക്കളോടൊപ്പം ഒരുക്കാൻ മുന്നിട്ടിറങ്ങിയതും ഇതിന്റെ ഉദാഹരണമായി. സ്വന്തം മതവിശ്വാസത്തിനപ്പുറം അപരന്റെ അന്ത്യയാത്രയിൽ സ്നേഹത്തോടെയും കരുതലോടെയും പങ്കുചേർന്ന രാജേഷിന്റെ പ്രവൃത്തി നാടിന്റെ മതസൗഹാർദത്തിന്റെ മനോഹരമായ ചിത്രമായി.
ഒരാളുടെ സന്തോഷത്തിൽ ഹൃദയപൂർവം കൂടെനിൽക്കാനും അവന്റെ ദുഃഖത്തിൽ കൈത്താങ്ങായി മാറാനും കഴിയുമ്പോഴാണ് യഥാർഥ മതസൗഹാർദം പുലരുന്നതെന്ന് കക്കാവാരൽ ഉപജീവനമാക്കിയ രാജേഷ് പറയുന്നു. അതാണ് ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട സത്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ആ വിശ്വാസത്തിന് പിൻബലമേകാൻ ഭാര്യ ബിന്ദുവും മകൾ ആവണിയും അദ്ദേഹത്തിനുചാരേയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

