ആലപ്പുഴയിൽ മഴക്കാല മുന്നൊരുക്കം: ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽ കാമ്പയിൻ
text_fieldsആലപ്പുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും മറ്റ് ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിൽ ജില്ലയിൽ യോഗം ചേർന്നു.
വെള്ളപ്പൊക്ക പ്രശ്നങ്ങൾക്ക് അടിയന്തരമായ ഇടപെടലുകൾ നടത്തുന്നതിനൊപ്പം മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും അതിപ്രാധാന്യത്തോടെ നടത്തണമെന്ന് മന്ത്രി പറഞ്ഞു. യുവജന സംഘടനകൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മഴക്കാലപൂർവ ശുചീകരണം വലിയൊരു കാമ്പയിനായി ഏറ്റെടുക്കണം.
മഴക്കാലത്ത് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കാൻ കെട്ടിടങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാൻ നടപടികൾ കൈക്കൊള്ളണം. ഫിറ്റ്നസ് ഇല്ലാത്ത വിദ്യാലയങ്ങളിൽ ക്ലാസ് നടത്താൻ അനുവദിക്കരുത്. വിദ്യാർഥികളുടെ ഗതാഗത സംവിധാനങ്ങളിലും ഫിറ്റ്നസ് ഉറപ്പാക്കണമെന്നും അതിൽ ഒരിളവും നൽകരുതെന്നും മന്ത്രി പറഞ്ഞു.
അന്ധകാരനഴി, തോട്ടപ്പള്ളി പൊഴികൾ, പുളിക്കീഴ് ബണ്ട് എന്നിവ ആവശ്യഘട്ടത്തിൽ മുറിക്കാൻ ഒരുക്കം പൂർത്തിയായതായി ബന്ധപ്പെട്ട വകുപ്പുകൾ അറിയിച്ചു. അതത് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാവുന്ന കെട്ടിടങ്ങൾ കണ്ടെത്തി ജില്ല ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കാൻ കലക്ടർ നിർദേശം നൽകി.
പാണ്ടി, പെരുമാങ്കര, ഇരുപത്തെട്ടിൽ കടവ് പാലങ്ങൾക്കടിയിൽ മാലിന്യം അടിഞ്ഞുകൂടി വെള്ളപ്പൊക്കമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ മാലിന്യം നീക്കം ചെയ്യും. എ.സി റോഡ് നിർമാണം നടക്കുന്നതിനാൽ കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത മേഖലയിൽനിന്ന് ജനങ്ങളെ മറ്റിടങ്ങളിലേക്ക് എത്തിക്കാൻ പ്രത്യേക ഗതാഗത മാർഗം തയാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ചേർത്ത് തിങ്കളാഴ്ച പ്രത്യേക പ്ലാൻ രൂപവത്കരിക്കാൻ യോഗം തീരുമാനിച്ചു.
താലൂക്കുതലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കും. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റാനും തകരാറിലായ ട്രാൻസ്ഫോർമറുകൾ, വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ അടിയന്തരമായി പൂർവസ്ഥിയിലാക്കി വൈദ്യുതി തടസ്സമില്ലാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
ജില്ലയിലെ മുഴുവൻ തോടുകളിലെയും ആറുകളിലെയും തടസ്സങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കാൻ ജലവിഭവ വകുപ്പിനു നിർദേശം നൽകി. ഹൗസ്ബോട്ട് പോലെയുള്ള ജലയാനങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കണം. റോഡരികിലെ ഓടകൾ മുഴുവനും വൃത്തിയാക്കാനുള്ള നടപടി സ്വീകരിച്ച് രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തോമസ് കെ. തോമസ് എം.എൽ.എ, സബ് കലക്ടർ സൂരജ് ഷാജി തുടങ്ങിയവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

