കാലവർഷം: ജില്ലയിൽ 231 വീടുകൾ കൂടി തകർന്നു
text_fieldsതകഴിക്കടുത്ത് മരിയാപുരത്ത് ഇടറോഡ് തോടായ നിലയിൽ
ആലപ്പുഴ: കാലവർഷത്തിൽ ജില്ലയിൽ ഞായറാഴ്ച ഒമ്പത് വീടുകൾ പൂർണമായും 222 വീടുകൾ ഭാഗികമായും തകർന്നു. മഴകുറഞ്ഞെങ്കിലും കുട്ടനാട്ടിൽ വെള്ളം ഇറങ്ങിയിട്ടില്ല.
ആയിരത്തിലേറെ വീടുകളിലാണ് വെള്ളംകയറിയത്. എടത്വ, തകഴി, കൈനകരി, വീയപുരം, ചമ്പക്കുളം പഞ്ചായത്തുകളിലാണ് ദുരിതമേറെ. തോട്ടപ്പള്ളി പൊഴിമുറിക്കാൻ വൈകിയതാണ് കുട്ടനാട് മുങ്ങാൻ ഇടയാക്കിയത്.
ഞായറാഴ്ച വൈകീട്ടോടെ തോട്ടപ്പള്ളി സ്പിൽവേ 100 മീറ്റർ വീതിയിൽ തുറന്നു. ഇതോടെ കടലിലേക്കുള്ള വെള്ളമൊഴുക്ക് വേഗത്തിലായി. തിങ്കൾ, ചൊവ്വ ദിവസങ്ങളലായി വെള്ളക്കെട്ട് ഒഴിയുമെന്നാണ് കരുതുന്നത്. കുട്ടനാട് താലൂക്കിലെ ഒട്ടു മിക്ക വിദ്യാലയങ്ങളും വെള്ളംകയറിയ നിലയിലാണ്. അതിനാലാണ് തിങ്കളാഴ്ച ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രധാന ക്ഷേത്രമായ ചക്കുളത്ത്കാവും പരിസരവും വെള്ളത്തിലാണ്. 2957 കുടുംബങ്ങൾ ക്യാമ്പുകളിൽ തുടരുകയാണ്.
അമ്പലപ്പുഴ താലൂക്കിൽ ഞായറാഴ്ച ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. ചേർത്തലയിൽ ഒരു വീട് ഭാഗികമായി തകർന്നു. കാർത്തികപ്പള്ളിയിൽ ഭാഗികമായി തകർന്ന വീടുകൾ -150, പൂർണമായി തകർന്ന വീടുകൾ -അഞ്ച്, മാവേലിക്കര - ഭാഗികമായി തകർന്ന വീടുകൾ -18, ചെങ്ങന്നൂരിൽ ഭാഗികമായി തകർന്ന വീടുകൾ -44, പൂർണമായി തകർന്ന വീടുകൾ -നാല് എന്നിങ്ങനെയാണ് താലൂക്ക് അടിസ്ഥാനത്തിലുള്ള നാശനഷ്ടത്തിന്റെ കണക്ക്.
നിലവിൽ ചേർത്തല താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 26 കുടുംബങ്ങളെയും അമ്പലപ്പുഴ താലൂക്കിലെ 21 ക്യാമ്പുകളിലായി 2,253 കുടുംബങ്ങളെയും കുട്ടനാട് താലൂക്കിൽ 15 ക്യാമ്പുകളിലായി 265 കുടുംബങ്ങളെയും പാർപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിൽ 15 ക്യാമ്പുകളിലായി 135 കുടുംബങ്ങളും മാവേലിക്കര താലൂക്കിൽ മൂന്ന് ക്യാമ്പുകളിലായി 15 കുടുംബങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ 12 ക്യാമ്പുകളിലായി 263 കുടുംബങ്ങളും കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

