ആലപ്പുഴ: കോവിഡ് നിയന്ത്രണങ്ങൾ ഇല്ലാതായെങ്കിലും യാത്രസൗകര്യം പഴയപടിയാക്കുന്നതിൽ റെയില്വേ മെല്ലെപ്പോക്കിൽ. കോവിഡിന്റെ പേരിൽ നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾ പലതും ഇനിയും ഓടിത്തുടങ്ങിയിട്ടില്ല.
മറ്റു ട്രെയിനുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കും വാങ്ങുന്നു. പലതിലും റിസർവ് ചെയ്തേ യാത്ര ചെയ്യാൻ കഴിയൂ. ഓൺലൈനായി ടിക്കറ്റെടുത്താൽ നിരക്ക് പിന്നെയും ഉയരും. ഇപ്പോഴുള്ള മിക്ക ട്രെയിനുകളിലും സീസൺ ടിക്കറ്റ് അനുവദിക്കുന്നുമില്ല.
ജില്ലയിലെ രണ്ടുപാതയിലും യാത്രക്കാരുടെ ദുരിതം തീരുന്നില്ല. സീസൺ ടിക്കറ്റ് അനുവദിക്കുന്നത് ഏതാനും വണ്ടികളിൽ മാത്രമെന്നതാണ് പതിവുയാത്രക്കാരുടെ ദുരിതം. തീരദേശ പാതയിൽ ജനറൽ കോച്ചുകളുള്ള ആലപ്പുഴ-കണ്ണൂർ, തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റികൾക്കുമാത്രമാണ് സീസൺ ടിക്കറ്റ് അനുവദിക്കുന്നത്. 20 മുതൽ എല്ലാ ട്രെയിനുകളിലും ജനറൽ കോച്ചുകൾ അനുവദിച്ച് സീസൺ ടിക്കറ്റ് നൽകുമെന്ന് അധികൃതർ പറയുന്നു.
മിക്കവാറും ട്രെയിനിൽ എക്പ്രസ് നിരക്ക് നൽകി യാത്രചെയ്യേണ്ട അവസ്ഥയാണ്. കായംകുളം-കോട്ടയം പാസഞ്ചർ നിരക്ക് 15 രൂപയാണ്. ഇപ്പോൾ 35 രൂപ മുടക്കിയേ യാത്രസാധ്യമാകൂ. ഇന്റർസിറ്റിയിൽ കായംകുളം-എറണാകുളം നിരക്ക് 50 രൂപയാണ്.
റിസർവേഷനുണ്ടെങ്കിൽ 65 രൂപ നൽകണം. ആലപ്പുഴ-എറണാകുളം 35 രൂപ, റിസർവേഷൻ 50. ഓൺലൈനായി ടിക്കറ്റെടുത്താൽ 20 രൂപയോളം അധികം നൽകണം. പതിവുയാത്രക്കാർക്ക് പ്രയോജനപ്പെടുന്ന വിധത്തിലല്ല ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ സമയക്രമം. ആശ്രയിക്കാവുന്നവക്കാകട്ടെ ഉയർന്ന നിരക്കും.
മെമു ഓടുന്നത് സ്പെഷൽ നിരക്കിൽ
വൈകീട്ട് 5.25ന് എറണാകുളത്തുനിന്ന് വിടുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറാൻ സൂപ്പർ ഫാസ്റ്റ് നിരക്കും റിസർവേഷൻ ചാർജും നൽകണം. ഏറനാട് എക്സ്പ്രസ് 4.20ന് എറണാകുളത്തുനിന്ന് പുറപ്പെടും. ഓഫിസ് ജീവനക്കാർക്കും മറ്റും ആ സമയം പ്രയോജനപ്പെടില്ല. എക്പ്രസുകളെ സ്പെഷൽ ട്രെയിനായി കണക്കാക്കിയിരുന്നത് നിർത്തിയെങ്കിലും മെമു സ്പെഷൽ നിരക്കിൽ ഓടുകയാണ്. ഇത് കൊള്ളലാഭത്തിനാണെന്ന് യാത്രക്കാരുടെ ആരോപണം.
വൈകീട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേക്കുള്ള പാസഞ്ചർ, 7.30ന് എറണാകുളം-കൊല്ലം മെമു, രാവിലെ എട്ടിന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന എറണാകുളം മെമു എന്നിവ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. പാസഞ്ചറിലെ അമിത നിരക്ക് നിർത്തലാക്കണം. ജോലിക്കും പഠനത്തിനുമായി എറണാകുളത്ത് പോകുന്നവർക്ക് വൈകീട്ട് തിരികെ എത്താമായിരുന്ന രണ്ട് ട്രെയിനാണ് നിലച്ചത്.
എല്ലാ പാസഞ്ചറും പുനരാരംഭിക്കുക, സ്പെഷൽ നിരക്ക് എന്ന പേരിൽ പാസഞ്ചർ ട്രെയിനുകളിൽ വർധിപ്പിച്ച നിരക്ക് പിൻവലിക്കുക, ഹാൾട്ട് സ്റ്റേഷനുകൾ അടക്കം എല്ലാ സ്റ്റോപ്പും പുനഃസ്ഥാപിക്കുക, എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാർക്ക് ഉൾപ്പെടെ ഇളവുകൾ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റെയിൽവേക്കെതിരെ പ്രതിഷേധിക്കുന്ന 'ഫ്രണ്ട്സ് ഓൺ റെയിൽസ്' മുന്നോട്ടുവെക്കുന്നത്.
ഡേ എക്സ്പ്രസ് ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിച്ചെങ്കിലും മുമ്പുണ്ടായിരുന്നതിെൻറ പകുതിയേയുള്ളൂ. ഈ ട്രെയിനുകളിലെ തിരക്ക് കൂടാൻ ഇത് കാരണമാകുന്നു. കോട്ടയം വഴിയുള്ള വേണാട് എക്സ്പ്രസിൽ നേരത്തേ 18 കോച്ച് ജനറൽ ആയിരുന്നു. ഇപ്പോൾ ആറെണ്ണം മാത്രം.