റെയിൽവേ പാതയിരട്ടിപ്പിക്കൽ; നഷ്ടപരിഹാരം നൽകാത്തതിന് നാല് സർക്കാർ വാഹനം പിടിച്ചെടുത്തു
text_fieldsആലപ്പുഴ: റെയിൽവേ പാതയിരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം ലഭിക്കാൻ നാല് സർക്കാർ വാഹനം കോടതി പിടിച്ചെടുത്തു. ഹരിപ്പാട് -അമ്പലപ്പുഴ റെയിൽവേ പാതയിരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുത്ത വകയിൽ സർക്കാർ പണം നൽകാതിരുന്നതിനെത്തുടർന്ന് അഡീഷനൽ ജില്ല കോടതി -രണ്ട് ജഡ്ജി എസ്. ഭാരതിയാണ് വാഹനം പിടിച്ചെടുക്കാൻ ഉത്തരവിട്ടത്. മിനി സിവിൽ സ്റ്റേഷനിലെ ലീഗൽ മെട്രോളജി വകുപ്പ്, ഹാർബർ എൻജിനീയറിങ് വകുപ്പ് എന്നിവയുടെ ഉൾപ്പെടെ നാല് വാഹനമാണ് പിടച്ചെടുത്തത്.
രണ്ടുവാഹനം കൂടി കണ്ടുകെട്ടും. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് രണ്ട് സർക്കാർ വാഹനംകൂടി പിടിച്ചെടുക്കണം. ഇതനുസരിച്ച് വെള്ളിയാഴ്ച മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ വാഹനം പിടികൂടാനെത്തിയെങ്കിലും സർക്കാർ വാഹനം കിട്ടാതെ സംഘം മടങ്ങി. സ്ഥലമേറ്റടുത്ത വകയിൽ 78 ലക്ഷം ലഭിക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴ കരുമാടി കോമന ശരണ്യയിൽ രാജശേഖരൻ നായർ, സഹോദരങ്ങളായ വിജയലക്ഷ്മി, പ്രേംകുമാരി എന്നിവർ സമർപ്പിച്ച ഹരജിയിലാണ് നടപടി.
2011ലാണ് ഇവരുടെ വീട് ഉൾപ്പെടെ 18 സെന്റ് സ്ഥലം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഏറ്റെടുത്തത്. 2014ൽ സെന്റിന് 80,000 രൂപ നിരക്കിലാണ് തുക പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ ആനൂകൂല്യങ്ങൾ അനുവദിച്ചില്ല. ഹൈകോടതി വിധിയെത്തുടർന്ന് 2018ൽ സെന്റിന് വിപണിമൂല്യം 25,000 രൂപയായി വെട്ടിക്കുറച്ചാണ് ആനുകൂല്യം നൽകിയത്.
ഇതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സെന്റിന് ആദ്യം നിശ്ചയിച്ച തുകയുടെ പലിശയും മറ്റ് ആനുകൂല്യങ്ങളുമടക്കം 78 ലക്ഷം രൂപ അനുവദിക്കണമെന്നായിരുന്നു കോടതി വിധി. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈകോടതിയെ സമീപിച്ചെങ്കിലും മൂന്നുമാസത്തിനകം തുകയുടെ പകുതി കെട്ടിവെക്കാൻ സർക്കാറിനോട് നിർദേശിച്ചു. ഇതിന് പാലിക്കാതിരുന്നതിനെത്തുടർന്നാണ് സർക്കാർ വാഹനങ്ങൾ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

